ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല : ഡിഎംഒ
ആശുപത്രികളില്‍ രോഗികളെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ച. ഒ.പി യില്‍ എത്തുന്ന രോഗിയോടൊപ്പം ആവശ്യമെങ്കില്‍ ഒരു സഹായിമാത്രം വന്നാല്‍ മതിയാകും. ഒ.പി.യിലും ഫാര്‍മസിയിലും ഉള്‍പ്പെടെ ആശുപത്രിയില്‍ ശാരീരിക അകലം പാലിക്കണം. മാസ്‌ക്കുകള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കാന്‍ പാടില്ല. ഉപയോഗിച്ച മാസ്‌ക്കുകള്‍ ബിന്നുകളില്‍ മാത്രം നിക്ഷേപിക്കണം.
പനി, ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സാധാരണ ക്യൂവില്‍ നില്‍ക്കാതെ ആശുപത്രി ഹെല്‍പ് ഡെസ്‌ക്കില്‍ ബന്ധപ്പെടണം. രോഗികള്‍ അവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതി. ഡോക്ടര്‍മാരെ പരമാവധി ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.
അക്ഷയ സംരംഭകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ അക്ഷയ സംരംഭകരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ടമായി 31,803 രൂപ നല്‍കി. അക്ഷയ സംരംഭകര്‍ സമാഹരിച്ച തുക ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ഐ.ടി.മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, അക്ഷയ സംരംഭകരായ എന്‍.കൃഷ്ണദാസ്. ടി.എസ്.അനില്‍ കുമാര്‍, എ.ബിനി എന്നിവരാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറിയത്.
കുമ്പനാട് ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ 20 മുതല്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്തില്‍ കുമ്പനാട് മുട്ടുമണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ 20 മുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ തുറന്ന് പ്രവര്‍ത്തിക്കും. പച്ചക്കറികള്‍, മുട്ട, പഴവര്‍ഗങ്ങള്‍, ജൈവകീടനാശിനികള്‍, പച്ചക്കറി വിത്തുകള്‍, കമ്പോസ്റ്റ് തുടങ്ങിയവ ഈ കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നു കൃഷി വിജ്ഞാന കേന്ദ്രം മേധാവി അറിയിച്ചു.
കര്‍ഷകര്‍ക്ക് ഹെല്‍പ് ലൈന്‍ സഹായവുമായി കൃഷി വിജ്ഞാന കേന്ദ്രം
ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി, മൃഗസംരക്ഷണ മേഖലയില്‍ ഹെല്‍പ് ലൈന്‍ സഹായവുമായി കൃഷി വിജ്ഞാന കേന്ദ്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ വിദഗ്ധരുമായി ഫോണില്‍ ബന്ധപ്പെടാം. പച്ചക്കറി/ഫലങ്ങള്‍ – 9645027060, കിഴങ്ങുവര്‍ഗവിളകള്‍ / നെല്ല് / തെങ്ങ് – 9447454627, രോഗ കീട നിയന്ത്രണം- 9447801351, മൃഗ സംരക്ഷണം- 9446056737, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം – 9526160155.
പന്നിവേലിക്കല്‍ ഏലായില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു
അടൂര്‍ പളളിക്കല്‍ പഞ്ചായത്തിലെ പന്നിവേലിക്കല്‍ ഏലായില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നു. പന്നിവേലിക്കല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് പത്ത് ഏക്കറുള്ള ഏലായില്‍ കൃഷിയിറക്കിയിരുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊയ്ത്ത് മുടങ്ങി. കര്‍ഷകരുടെ കൂട്ടായ്മയിലാണ് കൊയ്ത്ത് നടന്നത്. ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ്, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സന്തോഷ്, എ.പി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.
എസ്ബിഐ എടിഎം സര്‍വീസ് ചാര്‍ജുകള്‍ ജൂണ്‍ 30 വരെ നിലവിലില്ല
എസ്ബിഐ എടിഎ മ്മിന് സര്‍വീസ് ചാര്‍ജുകള്‍ നിലവിലില്ല. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഏത് ബാങ്കിന്റെ എടിഎ മ്മില്‍ നിന്നും ജൂണ്‍ 30 വരെ പണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ടെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു.