ശബരിമല സേഫ് സോണ്‍ പദ്ധതി: ഡ്രൈവര്‍/സഹായി പ്രായോഗിക പരീക്ഷ
പത്തനംതിട്ട ജില്ലയിലെ ഇലവുങ്കല്‍ കേന്ദ്രമായി നവംബര്‍ 15 മുതല്‍ 2021 ജനുവരി 20 വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല സേഫ് സോണ്‍ പദ്ധതിയിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ /സഹായിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ഈ മാസം 14 ന് രാവിലെ 8.30ന് നിലക്കലില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍, പോലീസ് ക്ലിയറെന്‍സ് സര്‍ട്ടിഫിക്കറ്റ്, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവിംഗ് ലൈസന്‍സ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം, ഫോട്ടോ പതിച്ച് വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 12 ന് വൈകുന്നേരം അഞ്ചിനു മുന്‍പ് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു.
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ്
2020 ഫെബ്രുവരിയിലെ കെ ടെറ്റ് വിജയിച്ച് വേരിഫിക്കേഷന്‍ കഴിഞ്ഞവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ഹാള്‍ടിക്കറ്റ് സഹിതം വന്ന് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഡോക്സി ഡേ
എലിപ്പനി പടരാന്‍ സാധ്യതയുളള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ നല്‍കുന്നതിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ വെളളിയാഴ്ചകളിലും ജില്ലയില്‍ ഡോക്സി ഡേ ആയി ആചരിക്കുകയാണ്. ഓടകളിലും, വെളളക്കെട്ടിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ഇറച്ചിവെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ സമീപിച്ച് ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ദേശാനുസരണം കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധന
മല്ലപ്പുഴശേരി,ആറന്മുള പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവു തൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവെപ്പും ഈ മാസം 12 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെ ആറന്മുള റെസ്റ്റ്ഹൗസില്‍ നടക്കുമെന്ന് ജില്ലാ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
ഇടത്തിട്ട -അങ്ങാടിക്കല്‍ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുളള ഗതാഗതം ഈ മാസം 10 മുതല്‍ 14 വരെ നിരോധിച്ചതായി പന്തളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.