രാത്രികാല മൃഗചികിത്സ സേവനം; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായിട്ടുളള വെറ്റിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്റിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്റിനറി കോംപ്ലക്സിലുളള ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ ഈ മാസം നാലിന് രാവിലെ 11 മുതല്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യതസര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഈ മാസം നാലിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2322762.
ഹരിതം സുരക്ഷിതം ക്യാമ്പയ്ന്‍; പ്രസംഗമത്സരം
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന ഹരിത തെരഞ്ഞെടുപ്പ് 2020 ന്റെ ഭാഗമായി പ്രസംഗമത്സരം സംഘടിപ്പിക്കും. എന്റെ പഞ്ചായത്ത് പ്രസിഡന്റ് ഇങ്ങനെയായിരിക്കണം എന്ന വിഷയത്തിലാണ് പ്രസംഗമത്സരം. 12 മുതല്‍ 20 വയസ് വരെ പ്രായപരിധിയിലുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റ് / നഗരസഭ ചെയര്‍പേഴ്സണ്‍ പ്രകൃതിസംരക്ഷണത്തിനും ശുചിത്വ-മാലിന്യ സംസ്‌കരണത്തിനും മറ്റ് കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി മാതൃകാ പരമായ സുസ്ഥിരവികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് നടപ്പിലാക്കേണ്ടത് എന്നിവ മത്സരത്തില്‍ ഉള്‍ക്കൊള്ളിക്കണം. വിജയികള്‍ക്ക് ക്യാഷ്പ്രൈസും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. മത്സരത്തിന്റെ പരമാവധി ദൈര്‍ഘ്യം അഞ്ച് മിനിറ്റാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8129557741, 9447416595, 0468 2322014 എന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും മൊബൈല്‍ ഫോണിലോ വീഡിയോ ക്യാമറയിലോ പകര്‍ത്തിയ എന്‍ട്രികളുടെ ഉയര്‍ന്ന റസലൂഷനിലുള്ള വീഡിയോയും ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയും 8129557741 എന്ന മൊബൈല്‍ നമ്പരിലേക്ക് വാട്സാപ്പ് സന്ദേശം വഴി അയച്ചു നല്‍കണം. പങ്കെടുക്കേണ്ട അവസാന തീയതി ഈ മാസം 11 ന് രാത്രി 10 വരെ.
ഗ്രാന്റിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സ്‌കൂളുകള്‍ക്കുളള 2020-21 ഗ്രാന്റിനുളള അപേക്ഷ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ രജിസ്‌ട്രേഷന്‍ നേടിയിട്ടുളള സ്‌കൂളുകള്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ഈ മാസം അഞ്ചിന് വൈകുന്നേരം മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷാ ഫോറം ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും ലഭിക്കും.
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ; പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ 2020-21 അധ്യയന വര്‍ഷം 9, 10 ക്ലാസുകളില്‍ പഠിക്കുന്നതും കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുളളതുമായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് 2020-21 ഇ -ഗ്രാന്റ് 3.0 പോര്‍ട്ടല്‍ മുഖേന ഡി.ബി.ടി ആയി വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗ വികസന വകുപ്പ് പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുളള ഇ-ഗ്രാന്റ് പോര്‍ട്ടലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പ്രി മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം കൂടി 2019-20 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂള്‍ മേധാവികളും മുന്‍പ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുളള പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പട്ടികജാതി വികസന വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തതുപോലെ തന്നെ ഒന്‍പത്,10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ കൂടി പട്ടികജാതി വകുപ്പ് മുഖേന ലഭ്യമായിട്ടുളള യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഈ മാസം 31 ന് മുന്‍പ് പട്ടിക വര്‍ഗ വികസന വകുപ്പിന് ലഭ്യമാക്കണം. പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏതെങ്കിലും സ്‌കൂളിന് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ സ്‌കൂള്‍ മേധാവി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ നിന്നും വാങ്ങണം.
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള പ്രീ മെട്രിക് /സബ്സിഡൈസ്ഡ് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള സാഹചര്യത്തില്‍ ഈ കുട്ടികള്‍ പഠിക്കുന്ന സ്ഥാപന മേധാവികള്‍ ഇവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703 എന്ന നമ്പരില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുമായി ബന്ധപ്പെടാം.
യൂണിഫോം തുന്നി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കുളത്തുപ്പുഴ അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന ജി.എം.ആര്‍ എസിലെ കുട്ടികള്‍ക്ക് മൂന്ന്് ജോഡി യൂണിഫോം രണ്ട് നൈറ്റ് ഡ്രസ് പാന്റ് എന്നിവ തുന്നി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15 ഉച്ചകഴിഞ്ഞ് മൂന്ന് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9048414271, 9446085395.
കെ.എസ്.ഇ.ബി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം കെ.എസ്.ഇ.ബി ലിമിറ്റഡ്, പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 9446009347 ആണ് നമ്പര്‍. വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ അറിയിക്കുന്നതിന് 9496010101, 1912 എന്നീ നമ്പറുകളിലും വിളിക്കാം.
പൊട്ടി വീഴുന്ന വൈദ്യുതി ലൈനുകളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കേണ്ടതും മിന്നല്‍ സമയങ്ങളില്‍ വൈദ്യുത ഉപകരണങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യണമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ കൈപ്പറ്റണം
തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരുകള്‍ ചേര്‍ത്തവരുടെ ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ നാലുവരെ രാവിലെ 11 മുതല്‍ 4 വരെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നേരിട്ട് ഹാജരായി കൈപ്പറ്റേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.