ആട് വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 17, 18 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ 9188522711 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
സ്‌കില്‍ ടെസ്റ്റ് 15 ന്
പത്തനംതിട്ട ജില്ലയിലെ കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുളള സ്‌കില്‍ ടെസ്റ്റ് ഈ മാസം 15 ന് രാവിലെ കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സ്‌കില്‍ ടെസ്റ്റിനാവശ്യമായ ടൂള്‍സ്, മെറ്റീരിയല്‍സ്, രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ മുമ്പാകെ രാവിലെ 9.30 ന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 9645194801, 8111816375, 8590741115, 9446593790 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വിജയകരമായി സ്‌കില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹാന്‍ഡി ക്രാഫ്്റ്റ് കമ്മീഷണറേറ്റില്‍ നിന്നുളള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പാക്കുന്ന ആശ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ താത്പര്യമുളളവര്‍ക്ക് ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. ആശ പദ്ധതി പ്രകാരം സബ്സിഡിക്ക് അപേക്ഷിക്കുന്നതിനുളള സംവിധാനം ഉണ്ടായിരിക്കും.
ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാരെ വരുമാന പരിധിയില്‍ നിന്നും
ഒഴിവാക്കും.
വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ/മാതാപിതാക്കളുടെ പേര്, സമുദായം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. ജാതി /വരുമാന സര്‍ട്ടിഫിക്കറ്റുകളും രക്ഷിതാക്കള്‍ കേന്ദ്ര /സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി എന്ന വിലാസത്തില്‍ ഈ മാസം 28 ന് മുന്‍പ് ലഭ്യമാക്കണം. ഫോണ്‍: 04735 227703.
വനിതാ ശാക്തീകരണ പദ്ധതി
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ക്ക് കുടുംബശ്രീ വഴി രൂപീകൃതമായതുമായ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡിങ് ചെയ്തതും കുറഞ്ഞത് 10 മുതല്‍ 15 വരെ അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങളെയാണു പരിഗണിക്കുന്നത്. ഓരോ അംഗത്തിന്റെയും വരുമാനപരിധി മൂന്നു ലക്ഷം രൂപയും പ്രായപരിധി 18 മുതല്‍ 55 വരെ വയസുമാണ്. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068503