കാലാവസ്ഥ വ്യതിയാനവും കന്നുകാലി വളര്‍ത്തലും ; സാധ്യതകളും വെല്ലുവിളികളും : ശില്പശാല 12ന്
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കന്നുകാലി വളര്‍ത്തിലിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും പാല്‍ ഉല്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നതു കര്‍ഷകരുടെ വരുമാന നഷ്ടത്തിനു കാരണമാക്കുന്നു. കൂടാതെ മഴക്കാലങ്ങളില്‍ തീറ്റയുടെ ലഭ്യത കുറവും ക്ഷീര കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നു.
അപ്പര്‍കുട്ടനാട് പോലയുള്ള പ്രദേശങ്ങളില്‍ മഴക്കാലങ്ങളില്‍ തീറ്റക്ഷാമം, രോഗങ്ങള്‍, വെള്ളപ്പൊക്കത്തില്‍ വാസസ്ഥലങ്ങളില്‍ വെള്ളം കയറുന്നതുമൂലമുള്ള പ്രശ്നങ്ങളുടെ വളരെ രൂക്ഷമാകാറുണ്ട്. കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള കന്നുകാലിവളര്‍ത്തല്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ആഗസ്റ്റ് 12 വ്യാഴം രാവിലെ 10 മുതല്‍ നടത്തും.
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചിന്റെ ബാംഗ്ലൂര്‍ സോണ്‍ ഡയറക്ടര്‍ ഡോ. വി. വെങ്കിട സുബ്രമണിയന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. കാര്‍ഡ് ഡയറക്ടര്‍ റവ. ഏബ്രഹാം പി. വര്‍ക്കി അധ്യക്ഷത വഹിക്കും. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.
മഴക്കാലങ്ങളില്‍ കന്നുകാലികളില്‍ കണ്ടുവരുന്ന രോഗങ്ങളും ചികിത്സയും എന്ന വിഷയം മഞ്ഞാടി പക്ഷിരോഗ നിര്‍ണയ ലാബോറട്ടറിയിലെ വെറ്ററനറി സര്‍ജന്‍ ഡോ.എസ്.വിനീത, മഴക്കലങ്ങളിലെ കന്നുകാലികളുടെ തീറ്റക്രമം എന്ന വിഷയം വെറ്ററനറി സര്‍ജന്‍ ഡോ. എ.ജി നിധിന്‍, ശുദ്ധമായ പാല്‍ ഉല്പാദപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ എന്ന വിഷയം ഡയറി എന്റര്‍പ്രണുര്‍ഷിപ്പ് ഡവലപ്മെന്റ് സെന്റര്‍ പ്രിന്‍സിപ്പല്‍ വിനോജ് മാമ്മന്‍, കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള കന്നുകാലിവളര്‍ത്തിലിനുള്ള വിവിധ സാങ്കേതിക വിദ്യകള്‍ എന്ന വിഷയം ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം ആനിമല്‍ സയന്‍സ് വിഭാഗം സബ്ജറ്റ്റ് മാറ്റര്‍ സ്പെഷ്യലിസിറ്റ് ഡോ. രവി എന്നിവര്‍ അവതരിപ്പിക്കും.
കാര്‍ഷിക വികസനത്തിനുള്ള വിവിധ നബാര്‍ഡിന്റെ വിവിധ പദ്ധതികള്‍ നബാര്‍ഡ് ഡി.ഡി.എം റെജി വര്‍ഗീസ് അവതരിപ്പിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും വിവിധ പദ്ധതികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. പി. മുരളീധരന്‍ മോഡറേറ്ററായിരിക്കും.
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് പദ്ധതി അവവതരണം നടത്തും. സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റുമാരായ ഡോ. സെന്‍സി മാത്യു, ഡോ. സിന്ധു സദാനന്ദന്‍ എന്നവിര്‍ പ്രസംഗിക്കും.
പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന സൂം മീറ്റംഗ് ഐഡിയും പാസ് വേഡും ഉപയോഗിച്ച് മീറ്റിഗില്‍ പ്രവേശിക്കാം. ഐഡി: 858 1527 8923. പാസ്‌വേര്‍ഡ്: kvk കൂടുതല്‍ വിവരങ്ങള്‍ക്ക്: 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
മൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട മുന്‍സിപ്പാലിറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജിന്റെ മുന്‍ഭാഗത്ത് ഈ മാസം 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണചന്തയില്‍ കുടുംബശ്രീ വനിതാ സംരംഭകരുടെ ഗുണമേന്മയുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, അനൗണ്‍സ്‌മെന്റ് വാഹനം എന്നിവ നല്‍കുന്നതിന് താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 13 പകല്‍ മൂന്നികം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807.
പന്തല്‍, സ്റ്റേജ് എന്നിവ ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട മുന്‍സിപ്പാലിറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജിന്റെ മുന്‍ഭാഗത്ത് ഈ മാസം 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണചന്തയില്‍ കുടുംബശ്രീ വനിതാ സംരംഭകരുടെ ഗുണമേന്മയുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് പന്തല്‍, സ്റ്റേജ് എന്നിവ ചെയ്ത് നല്‍കുന്നതിന് താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 13 പകല്‍ മൂന്നികം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807.
അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍ക്ക് 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. പ്രോസ്പെക്ടസ് തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നു നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33. ഫോണ്‍ : 0471 2325102, 9446323871 https://srccc.in/download/prospectus എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.
വെണ്ണിക്കുളം പോളിടെക്നിക്ക് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോടെ ബി.ടെക്ക് ബിരുദമാണ് യ്യോഗ്യത. ബയോഡേറ്റ, ബി.ടെക്ക് സര്‍ട്ടിഫിക്കറ്റ് എന്നിവ മാത്രം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 24 നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം.ഫോണ്‍: 0469 2650228.
ജില്ലാതല ഏകോപന സമിതി യോഗം
ഏഴാമത് സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട ജില്ലാതല ഏകോപന സമിതിയുടെ യോഗം ആഗസ്റ്റ് 12ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.
മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി
സാമൂഹ്യ സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന വയോരക്ഷ എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പുനരധിവാസം, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവ ഉള്‍പ്പെടുന്നു. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ :0468 2325168.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് 12ന്
ആരോഗ്യവകുപ്പിന്റേയും തൊഴില്‍ വകുപ്പിന്റേയും നേതൃത്വത്തില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന അതിഥി തൊഴിലാളികള്‍ക്കായി 12 വ്യാഴം രാവിലെ പത്ത് മുതല്‍ കുമ്പഴ മൗണ്ട് ബഥനി സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. കോണ്‍ട്രാക്ടര്‍മാര്‍, കെട്ടിട ഉടമകള്‍, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ അതിഥി തൊഴിലാളികളെ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ഫോണ്‍, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.