ബെംഗളൂരു: ഓഫീസിലെ ശൗചാലയത്തിനുള്ളിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഇൻഫോസിസിലെ ജീവനക്കാരൻ അറസ്റ്റിൽ. ഇൻഫോസിസിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന നാഗേഷ് സ്വപ്‌നിൽ മാലിയാണ് പിടിയിലായത്. ജൂൺ 30-ന് കമ്പനിയുടെ ഇലക്ട്രോണിക് സിറ്റി ഓഫീസിലായിരുന്നു സംഭവം. ശൗചാലയം ഉപയോഗിക്കുന്നതിനിടെ ജീവനക്കാരി ഒരു നിഴൽ ശ്രദ്ധിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അടുത്തുള്ള ക്യൂബിക്കിളിൽ നിന്ന് ഒരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടെത്തുകയുമായിരുന്നു.
ഉടൻ തന്നെ അവർ അലാറം മുഴക്കി. തുടർന്ന് മറ്റ് ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ജിവനക്കാരിയുടെ സാന്നിധ്യത്തിൽ എച്ച്ആർ ഉദ്യോഗസ്ഥർ വീഡിയോ ഇല്ലാതാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കില്ലെന്നും നാഗേഷ് കൂടുതൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ നാഗേഷ് മൂന്ന് മാസം മുൻപാണ് കമ്പനിയിൽ ചേർന്നത്.