വണ്ടിപ്പെരിയാർ : വള്ളക്കടവ് വഞ്ചി വയൽ ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപെട്ടു ആദിവാസി ഊരു മൂപ്പൻ നടത്തിവന്നിരുന്ന നിരാഹാര സമരം 3 ദിവസം പിന്നിട്ടപ്പോൾ ഇദ്ദേഹത്തെ ശാരീരിക അസ്വസ്തത മൂലം ആശുപത്രിയിലേക്ക് മാറ്റി. കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യ കുറവുകൾ പരിഹരിക്കുന്നതിന് നടപടി ഉണ്ടാവുമെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ചതോടെ നിരാഹാര സമരം അവസാനിപ്പിക്കുന്നതായും ഊരു മൂപ്പൻ അജയൻ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദിവാസി ഊരു മൂപ്പൻ അജയൻ വഞ്ചിവയൽ ട്രാൻസ്ഫോർമർ പടിക്കൽ കുടിൽക്കെട്ടി നിരാഹാര സമരം ആരംഭിച്ചിരുന്നത്. വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യ കുറവുകൾ പരിഹരിക്കുന്നതിന് അധികൃതർ ഉറപ്പുനൽകിയാൽ മാത്രമേ താൻ നിരാഹാര സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് ആദിവാസി ഊരു മൂപ്പൻ അജയൻ അറിയിച്ചിരുന്നു.
നിരാഹാര സമരം 3 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ഇന്ന് രാവിലെ മുതൽ അജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് കോളനി നിവാസികൾ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇവിടെ നിന്നുമുള്ള മെഡിക്കൽ സംഘം നിരാഹാര കുടിലിൽ എത്തി. അജയനെ പരിശോധിച്ചു. ഹൃദയസംബന്ധമായ രോഗം ഉള്ളതിനാൽ ഏറെ അവശ്യ നിലയിലായിരുന്ന അജയനെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഇതേ തുടർന്ന് വണ്ടിപ്പെരിയാർ സി എച്ച് സി യിൽ നിന്നും ആംബുലൻസ് വരുത്തി അജയനെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
ഏറെ അവശനിലയിൽ ആയിരുന്ന ഊര് മൂപ്പൻ അജയനോട് നിരാഹാരം തുടരുവാൻ സാധ്യമല്ല എന്ന് മെഡിക്കൽ വിഭാഗം അറിയിച്ചു. തുടർന്ന് നിരാഹാരമനുഷ്ടിച്ച് വന്നിരുന്ന ആദിവാസി ഊരു മൂപ്പൻ അത്യാസന്ന നിലയിൽ ആണെന്ന് അറിഞ്ഞതോടുകൂടി പീരുമേട് എംഎൽഎയുടെ പിഎ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അഴുത ബ്ലോക്ക് എസ്‌സി ഓഫീസർ തുടങ്ങിയവർ ആശുപത്രിയിൽ എത്തി വഞ്ചിവയൽ കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഊര് മൂപ്പന് ഉറപ്പുനൽകി. ഇതോടെ താൻ നിരാഹാരം അവസാനിപ്പിക്കുകയാണെന്ന് ഊരും മൂപ്പൻ അജയൻ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഊരുമൂപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.