പത്തനംതിട്ട : തൈക്കാവ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ. പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിനായി പുതിയ ഗ്രൗണ്ട്, ഓഡിറ്റോറിയം എന്നിവ നിര്‍മ്മിക്കുന്ന വിഷയം കായിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പേവിഷബാധ മൂലം ഉണ്ടാകുന്ന മരണം 2030 തോടുകൂടി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ലോകമെമ്പാടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സംസ്ഥാനതലത്തില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ലോക പേവിഷബാധ പ്രതിരോധ പരിപാടികളുടെ ഭാഗമായി നടക്കുന്നത്. കുട്ടികളെയാണ് നായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂടുതലായി ആക്രമിക്കുന്നത്. ഇതുകൊണ്ടാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ആരംഭിക്കുന്നത്. ആരോഗ്യവകുപ്പും വിവിധ വകുപ്പുകളും ഒരുമിച്ചുള്ള പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും എം.എല്‍.എ. പറഞ്ഞു. തൈക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ബീന അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ.നിഷാന സെയ്ഫ് ബോധവത്കരണ ക്ലാസ് നയിച്ചു.
ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി.തോമസ്, പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഫാത്തിമ, ആരോഗ്യവകുപ്പ് ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ.ജീവന്‍, ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എം.ബിന്ദു, ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്‍റ് മീഡിയ ഓഫീസര്‍മാരായ എം.പി.ബിജു കുമാര്‍, ആര്‍ ദീപ, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്മാരായ ആര്‍.സജിത്ത്, റ്റി.പി.ആശ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
































