കോട്ടയം : കര്‍ഷകരോട് സര്‍ക്കാരുകള്‍ക്ക് മനുഷ്യത്വമില്ലാത്ത നിലപാടാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ കൃത്യവിലോപമുണ്ടായി. വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ആന വയനാട്ടില്‍ എത്തിയിട്ട് വിവരം അറിഞ്ഞില്ല. യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കൂട്ടുനില്‍ക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും പാംപ്ലാനി ആവശ്യപ്പെടുകയും ചെയ്തു.
10 ലക്ഷം രൂപ പ്രഖ്യാപിച്ചത് ലജ്ജാകരമാണ്. പണമല്ല വേണ്ടത്, ജീവിക്കാന്‍ അനുവദിക്കണം. കര്‍ഷകന്റെ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാകില്ല. അവര്‍ രോഷത്തിലാണ്. അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നടന്നിട്ടില്ല. ജനാധിപത്യത്തില്‍ ജനങ്ങൾക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാണ് തിരഞ്ഞെടുപ്പെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.