കോഴിക്കോട് : പി.എസ്.സി ബോര്‍ഡ് മെമ്പര്‍ വിവാദത്തിനിടെ ഐ.എന്‍.എല്ലില്‍ പുറത്താക്കല്‍. കോഴ ആരോപണമുന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി.
അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് നടപടിയെന്ന് ഐ.എന്‍.എല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ദേശീയ പ്രസിഡന്റിന്റെതാണ് നടപടിയെന്ന് വര്‍ക്കിങ് പ്രസിഡന്റ് ബി. ഹംസ ഹാജി അറിയിച്ചു.
ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി ബോര്‍ഡ് മെമ്പര്‍ പദവി അബ്ദുല്‍ സമദിന് നല്‍കിയത് 40 ലക്ഷം രൂപക്കാണെന്ന് ഇ.സി. മുഹമ്മദ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് ഇത്തരം അടിസ്ഥാനരഹിതമായ കോഴയാരോപണം ഉന്നയിച്ചതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം തന്റെ ആരോപണം ശരിയായതിനാലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഇ.സി. മുഹമ്മദ് പറഞ്ഞു.