കോഴിക്കോട് : ഐ.എന്‍.എലില്‍ മഞ്ഞുരുകുന്നതായി സൂചനകള്‍ പുറത്തുവരുന്നു. രണ്ടുവിഭാഗങ്ങളായി പിളര്‍ന്നുനില്‍ക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാനഘടകം ഒരുമിച്ച് നിന്നില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രടേറിയേറ്റ് നിലപാടെടുത്തിരുന്നു.
എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ എ.പി അബ്ദുല്‍ വഹാബിനോട് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും . വിജയരാഘവനും ഇതേ നിലപാടാണ് അറിയിച്ചത്. തന്നെ സന്ദര്‍ശിച്ച അബ്ദുല്‍ വഹാബിനോട് സി.പി.ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും നീരസം അറിയിച്ചിരുന്നു.
ഐ.എന്‍.എലിലുണ്ടായ പിളര്‍പ് മുന്നണിയെയും ബാധിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം തര്‍ക്കത്തില്‍ ഇടപെട്ട് കാന്തപുരം വിഭാഗവും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി വരുന്നതായി ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം അബ്ദുല്‍ വഹാബ് പക്ഷവുമായി കാന്തപുരം വിഭാഗത്തിലെ നേതാക്കള്‍ ചര്‍ച നടത്തിയിരുന്നു. ശനിയാഴ്ച കാസിം ഇരിക്കൂറുമായും ഇവര്‍ ചര്‍ച നടത്തി.
ഇരുവരെയും ചര്‍ചയിലേക്ക് എത്തിക്കാനായി എന്നത് നിര്‍ണായകമാണ്. സി.പി.എം അറിവോടെയാണ് അനുരഞ്ജന നീക്കങ്ങളെന്നാണ് വിവരം. ഇരു നേതാക്കളെയും മാറ്റി പകരം പുതിയ നേതൃത്വം വരട്ടെയെന്ന അഭിപ്രായവും ചര്‍ചകളില്‍ ഉയര്‍ന്നുവന്നതായാണ് വിവരം. മന്ത്രിസ്ഥാനം കൂടി ത്രിശങ്കുവിലായതോടെയാണ് നേതാക്കള്‍ സമവായത്തിലെത്തുന്നത്.
കാസിം ഇരിക്കൂര്‍ പക്ഷത്തോടൊപ്പം നില്‍ക്കുന്ന മന്ത്രി അഹ്‌മദ് ദേവര്‍കോവിലുമായി കഴിഞ്ഞ ദിവസം പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് കൂടിക്കാഴ്ച നടത്തിയിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസില്‍വെച്ചാണ് ഇരുവരും സംസാരിച്ചത്. രണ്ടുപേരും ശുഭ പ്രതീക്ഷകളോടെയാണ് ചര്‍ചയ്ക്ക് ശേഷം മടങ്ങിയത്. ഐ.എന്‍.എല്‍ സംസ്ഥാന ഓഫിസില്‍ വഹാബ് വിഭാഗം കയറുന്നത് കോടതി തടഞ്ഞതിന് പിന്നാലെയാണ് സമവായ നീക്കങ്ങളും നടക്കുന്നത്.