തൃശൂര്‍: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് വിട നല്‍കാനൊരുങ്ങി ജന്‍മനാടായ ഇരിങ്ങാലക്കുട. പൊതുദര്‍ശനത്തിനായി മൃതദേഹം ഇരിങാലക്കുട ടൗണ്‍ഹാളില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ കമലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രാവിലെ പതിനൊന്നരവരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടുപോയയത്. നാളെ രാവിലെ 10ന് സെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍.
ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. 700ലധികം സിനിമകളില്‍ അഭിനയിച്ച ഇന്നസെന്റിന് 1989ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പതിനെട്ടുവര്‍ഷം ചലച്ചിത്രഅഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.