ന്യൂഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6 പരമ്പരയിലെ എട്ടാമത്തെ മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ നിര്‍മിച്ച കപ്പലിന്റെ കമ്മിഷനിങ് ചടങ്ങുകളും അവിടെയാണു നടന്നത്. തുഷില്‍ ക്ലാസില്‍ രണ്ടാമത്തെ കപ്പലാണിത്. വെസ്റ്റേണ്‍ നാവിക സേനാ ആസ്ഥാനം മേധാവി വൈസ് അഡ്മിറല്‍ സഞ്ജയ് ജെ സിങ് മുഖ്യാതിഥിയായിരുന്നു. വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പലാണിത്. ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്റെ 26 ശതമാനം തദ്ദേശീയമായി നിര്‍മിച്ചതാണ്.
കഴിഞ്ഞ 65 വര്‍ഷത്തിനിടെ ഇന്ത്യ-റഷ്യ സംയുക്ത സഹകരണത്തില്‍ നിര്‍മ്മിക്കുന്ന 51-ാമത്തെ കപ്പലാണ് തമാല്‍. വായു, ഉപരിതലം, അണ്ടര്‍വാട്ടര്‍, ഇലക്ട്രോമാഗ്‌നറ്റിക് എന്നി നാല് തലങ്ങളിലും നാവിക സേനയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ കപ്പല്‍. 2022 ഫെബ്രുവരി 24നാണ് യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2024 നവംബറിലാണ് കപ്പല്‍ ആദ്യ കടല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. ലംബമായി വിക്ഷേപിച്ച ഭൂതല- വ്യോമ മിസൈല്‍ Shtil-1, പീരങ്കി ആയുധങ്ങള്‍, ടോര്‍പ്പിഡോകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ റഷ്യന്‍ ആയുധ സംവിധാനങ്ങളുടെയും പരീക്ഷണം കപ്പലില്‍ വിജയകരമായി പൂര്‍ത്തിയാക്കി.