മല്ലപ്പള്ളി : മഹാരോഗങ്ങളുടെ സംക്രമണം വരുമ്പോൾ ആരോഗ്യമേഖലയിലെ പ്രവർത്തകർ അനുഭവിക്കുന്ന സുരക്ഷിതമില്ലായ്മ ഒരു വലിയ വെല്ലുവിളിയാണെന്ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ പറഞ്ഞു. ഗവേഷണവും ആധുനികീകരണവും മാത്രമാണ് ഇതിനെ മറികടക്കാനുള്ള ഏക മാർഗം. ഒൻപതാമത് ജില്ലാ പുസ്തകമേള-എജു ഫെസ്റ്റ് ഭാഗമായി നടത്തിയ ആരോഗ്യ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. ജേക്കബ് എം.എബ്രഹാം അധ്യക്ഷത വഹിച്ചു. ജീവിതശൈലീരോഗ നിയന്ത്രണത്തിൽ കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിനുള്ള ലോകാരോഗ്യസംഘടനയുടെ ആഹ്വാനം ഉൾക്കൊള്ളണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള ആവശ്യപ്പെട്ടു. ശബരിമല ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഇടപെടൽ നടത്തിയ അദ്ദേഹത്തെ ആദരിച്ചു.
ഭാവിയിൽ ലോകം നേരിടുന്ന ഗുരുതരമായ പ്രശ്നം ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെടുന്ന ആന്റിബയോട്ടിക് ഔഷധങ്ങൾ മണ്ണിലും സസ്യങ്ങളിലും മൃഗങ്ങളിലും എത്തി സൃഷ്ടിക്കുന്ന സങ്കീർണതയാണെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദർശന ഗോവിന്ദ് പറഞ്ഞു. പിന്നീട് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാലും രോഗം മാറാത്ത സ്ഥിതിയുണ്ടാവും. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടി. കൺവീനർ കുഞ്ഞുകോശി പോൾ, രാജേഷ് ജി.നായർ, ജിനോയ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.