ഇടുക്കി : സംസ്ഥാനത്തെ മലയോരമേഖലകളിലെ വാഹനങ്ങളുടെ പൊട്രോള്‍ പൈപ്പുകള്‍ ചെറുവണ്ടുകള്‍ തുരന്ന് ദ്വാരമുണ്ടാക്കുന്നതായി കണ്ടെത്തി. ഇങ്ങനെ ഉണ്ടാകുന്ന ചെറുദ്വാരങ്ങള്‍ വഴി പെട്രോള്‍ വന്‍ തോതില്‍ നഷ്ടമാകുന്നതിന് പുറമേ വാഹനം തീപിടിക്കാന്‍ വരെ കാരണമാകുന്നുണ്ട്. പെട്രോളിലെ എഥനോളിന്റെ സാന്നിദ്ധ്യം കാരണം മരമാണെന്ന് കരുതിയാണ് വണ്ടുകള്‍ പെട്രോള്‍ പൈപ്പുകള്‍ തുരക്കുന്നതെന്ന് വിദഗ്‌ദ്ധര്‍ പറഞ്ഞു, മുപ്പതോളം വാഹനങ്ങളാണ് കേരളത്തിലെ വിവിധ സര്‍വ്വീസ് സെന്ററുകളില്‍ ഇതേ പ്രശ്നവുമായി സമീപദിവസങ്ങളില്‍ എത്തിയത്. സാധാരണ ഓഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളില്‍ ഇത്തരം കേസുകള്‍ പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്‍ തോതില്‍ വാഹന ഉടമകള്‍ സമാന പ്രശ്നങ്ങളുമായി എത്തിയതോടെയാണ് സര്‍വ്വീസ് സെന്റര്‍ അധികൃതര്‍ സംഭവം അന്വേഷിക്കാന്‍ തീരുമാനിച്ചത്.
വാഹനം നിര്‍ത്തിയിടുമ്പോള്‍ ഇന്ധനചോര്‍ച്ച ഉണ്ടാകാത്തത് കാരണം പലരും കരുതിയത് മൈലേജുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നായിരുന്നു. വാഹനം സര്‍വ്വീസ് സെന്ററില്‍ കൊണ്ടുവരുന്നതും മൈലേജ് കുറയുന്നു എന്ന പരാതിയുമായാണ്. എന്നാല്‍ മെക്കാനിക്കുകള്‍ പരിശോധിക്കുമ്പോള്‍ മൈലേജ് കുറയാനുള്ള പ്രശ്നങ്ങളൊന്നും കണ്ടെത്താനും സാധിക്കില്ല. വാഹനം ഓടിക്കുന്നതിന്റെ പ്രശ്നമാണെന്ന് കരുതി ഉടമകള്‍ മടങ്ങിപോകുകയും ചെയ്യും. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇന്ധന ചോര്‍ച്ചയാണെന്ന് മനസിലാക്കുമ്പോഴേക്കും ഏറെ വൈകിയിരിക്കും.
ഇത്തരം വാഹനം ഓടിക്കുന്നത് വലിയ അപകടത്തിന് വരെ കാരണമായേക്കുമെന്ന് മെക്കാനിക്കുകള്‍ പറയുന്നു. വാഹനം ഓടുമ്പോള്‍ ഇന്ധനചോര്‍ച്ച ഉണ്ടാകുന്നത് കാരണം പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന ചെറിയൊരു തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമായേക്കും. ഇത്തരമൊരു സാഹചര്യം വാഹനത്തിനുണ്ടെന്ന് കരുതിയാല്‍ വര്‍ക്ക് ഷോപ്പില്‍ കൊണ്ട് പോകുന്നതിന് വേണ്ടി പോലും വാഹനം സ്റ്റാര്‍ട്ട് ആക്കരുതെന്നും എത്രയും പെട്ടെന്ന് സര്‍വ്വീസ് സെന്റില്‍ ബന്ധപ്പെട്ട് മെക്കാനിക്കിനെ വീട്ടില്‍ എത്തിക്കണമെന്നും അധികൃതര്‍ പറഞ്ഞു.