കോന്നി : സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്‍റ് കോന്നിയിൽ ആരംഭിച്ച ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ മരുന്നുകൾ പരിശോധിക്കുന്നതിന് ആവശ്യമായ അത്യാധുനിക യന്ത്രങ്ങളും മറ്റ് സജീകരണങ്ങളും സ്ഥാപിച്ചുതുടങ്ങി. ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യുവാൻ ആവശ്യമായ ക്യാബിനുകളും ക്രമീകരിച്ചിട്ടുണ്ട്. ഫാൻ, എ സി സൗകര്യങ്ങളും വൈദ്യുതികരണവും പൂർത്തിയായിട്ടുണ്ട്.
ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്‍റ് സംസ്ഥാനത്ത് നടപ്പാക്കുന്ന നാലാമത്തെ ലാബാണ് കോന്നിയിലേത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ആണ് നിലവിൽ ലാബുകൾ പ്രവർത്തിക്കുന്നത്. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയിൽ കോന്നി മെഡിക്കൽ കോളേജിനോട് ചേർന്ന ഒരേക്കർ സ്ഥലത്താണ് ലാബ് നിർമ്മിച്ചിരിക്കുന്നത്. താഴെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് നിർമ്മിച്ചിരിക്കുന്നത്.