കോന്നി: മഹാനായ അയ്യങ്കാളിയെ പോലെയുള്ള ചരിത്രപുരുഷന്മാരെ അധിക്ഷേപിക്കുന്ന വികല മനസ്സുകള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹത്തിന് എതിരായുള്ള പരാമര്‍ശം കൈവരിച്ച നേട്ടങ്ങളെ പുറകോട്ട് വലിക്കുന്നതും നമുക്കാകെ അപമാനകരവുമാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ചു എന്ന പേരില്‍ മിനിറ്റ് കൊണ്ട് അറസ്റ്റ് നടത്തിയ പോലീസ് ഇക്കാര്യത്തില്‍ നടപടി എടുക്കാത്തത് ദുരൂഹമാണ്. ഇത്തരത്തില്‍ ഈ ദൃശ്യ ക്ഷുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ അവരെക്കാള്‍ വലിയ കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അയ്യങ്കാളിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി ചന്ത മൈതാനത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുതുശ്ശേരി. സാധുജന സംയുക്ത വേദി പ്രസിഡന്റ് കെ. എസ്. ഗോപി അധ്യക്ഷത വഹിച്ചു. ജോസ് കൊന്നപ്പാറ, ബേബി ചെരിപ്പിട്ടക്കാവ്, ബിനു ബേബി, അജികുമാര്‍ കറ്റാനം, എസ്. രാധമണി, പി. കെ. ബാബു, സുരേഷ്‌കുമാര്‍ കല്ലേലി, പുഷ്പ മറൂര്‍, വി. എന്‍. നാണു, നടരാജന്‍, ആര്‍. രാജന്‍, കെ. ആര്‍. ചന്ദ്രന്‍, ഡി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തിന് മുന്നോടിയായി ടൗണ്‍ ചുറ്റി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.