ഹോണ്ട എലിവേറ്റ് (Honda Elevate) മിഡ്‌സൈസ് എസ്‌യുവി അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ വില ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. ജൂലൈ 3 മുതൽ ഹോണ്ട എലിവേറ്റിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാഹനം ബുക്ക് ചെയ്യാൻ 21,000 രൂപയാവും ആദ്യം നല്‍കേണ്ടി വരുക. ഓഗസ്റ്റ് ആദ്യവാരം തന്നെ ഹോണ്ട എലിവേറ്റിന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം ജൂലൈ അവസാനത്തോടെ ഷോറൂമുകളിൽ സ്റ്റാറ്റിക് ഡിസ്‌പ്ലേയ്ക്കായി എത്തിക്കും. നാല് ട്രിം ലെവലുകളിലായാണ് ഹോണ്ട എലിവേറ്റ് ലഭ്യമാവുകയെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇക്കാര്യം ഹോണ്ട ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹോണ്ട സിറ്റി സെഡാൻ ലഭ്യമാകുന്ന രീതിയിൽ തന്നെ SV, V, VX, ZX എന്നീ വേരിയന്റുകളായിരിക്കും ഹോണ്ട എലിവേറ്റിലും ഉണ്ടാവുകയെന്നാണ് സൂചനകൾ.
ഹോണ്ട എലിവേറ്റിൽ മാനുവൽ ഗിയർബോക്‌സ് എല്ലാ വേരിയന്റുകളിലും ലഭ്യമാകുമെന്നും ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷൻ ബേസിക് ട്രിം ഒഴികെ മറ്റെല്ലാ ഓപ്ഷനുകളിലും ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ, ഓപ്ഷണൽ 7 സ്റ്റെപ്പ് സിവിടി ഗിയർബോക്‌സുകളുമായിട്ടായിരിക്കും ഹോണ്ട എലിവേറ്റ് വരുന്നത്. ഈ വാഹനത്തിന് കരുത്ത് നൽകുന്നത് 1.5 ലിറ്റർ, 4 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. 121 എച്ച്പി പവറും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്.
ഹോണ്ട എലിവേറ്റിലുള്ള എഞ്ചിൻ ഹോണ്ട സിറ്റിയിൽ കാണുന്നത് തന്നെയാണ്. സെഡാനിലുള്ള 1.5-ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഹോണ്ട എലിവേറ്റിലില്ല എന്നതും ശ്രദ്ധേയമാണ്. 4,312 എംഎം നീളവും 1,790 എംഎം വീതിയും 1,650 എംഎം ഉയരവും 2,650 എംഎം വീൽബേസും ഉള്ള എലിവേറ്റിന്റെ വലിപ്പം ക്രെറ്റയ്ക്കും സെൽറ്റോസിനും സമാനമാണ്. സെഗ്‌മെന്റിലെ മറ്റ് വാഹനങ്ങളെക്കാൾ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ഹോണ്ടയുടെ മിഡ്‌സൈസ് എസ്‌യുവിയിൽ ഉണ്ട്. എലിവേറ്റ് എസ്‌യുവിയിൽ ശ്രദ്ധേയമായ മറ്റൊരു ഘടകം വാഹനത്തിലുള്ള ഇന്റീരിയറാണ്. സോഫ്റ്റ്-ടച്ച് പാനലുകളും സുഖകരവും വിശാലവുമായ സീറ്റുകളുമാണ് ഈ വാഹനത്തിലുള്ളത്. ഹോണ്ട ഈ എസ്‌യുവിയുടെ ക്യാബിൻ പ്രീമിയമായി തന്നെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7-ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെയ്ൻ-വാച്ച് ക്യാമറ, വയർലെസ് ചാർജിങ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, ഹോണ്ടയുടെ ADAS സ്യൂട്ട് തുടങ്ങിയ സവിശേഷതകൾ ഈ വാഹനത്തിലുണ്ട്.
ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ സിംഗിൾ ലെയർ സൺറൂഫാണുള്ളത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാഖ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, ലോഞ്ച് ചെയ്യാനിരിക്കുന്ന സിട്രോൺ സി3 എയർക്രോസ് എന്നിവയോടാണ് ഈ വാഹനം മത്സരിക്കുന്നത്. ഈ മിഡ്റേഞ്ച് എസ്‌യുവിയുടെ വില വളരെ പ്രധാനപ്പെട്ട ഘടകമായിരിക്കും. വിലയാണ് വാഹനത്തിന്റെ ഇന്ത്യൻ വിപണിയെ വിജയത്തെ നിർണയിക്കുന്ന ഘടകം.