തൃശ്ശൂർ : ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധമെന്ന് തൃശൂർ ഉപഭോക്ത കോടതി. തൃശൂർ സ്വദേശിയായ സണ്ണിയുടെ ജീവനോപാധയാണ് തന്റെ വാഹനം. വാഹനം ഓടി അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽനിന്നാണ് അദ്ദേഹം തന്റെ അന്നം കണ്ടെത്തിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വാഹനം അപകടത്തിൽ പെടുകയും കേടുപാടുകൾ തീർക്കുവാൻ 1,64,500/-രൂപ ചിലവാവുകയും ചെയ്തു. എതിർകക്ഷിയായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ഇൻഷുറൻസ് ഉള്ളതുകൊണ്ട് ക്ലെയിം ലഭിക്കുവാനായി അപേക്ഷ സമർപ്പിച്ചു. എന്നാൽ എതിർകക്ഷി പരാതിക്കാരന് 52500/- രൂപ മാത്രമേ നൽകുവാൻ തയ്യാറായുള്ളൂ.
ഈ തുക വാങ്ങുന്ന സമയത്ത് താൻ ക്ലെയിം തുക കൈപ്പറ്റുന്നത് എതിർപ്പോടുകൂടിയാണെന്ന് ഒപ്പിന്റെ അടിയിൽ എഴുതി ചേർത്തു. ഇതിൽ രോഷം പൂണ്ട എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ നൽകാനിരുന്ന തുകയും പിടിച്ചുവെച്ചു. ഇതിൽ പ്രകോപിതനായ പരാതിക്കാരൻ തൃശ്ശൂർ ഉപഭോക്ത കോടതിയെ സമീപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് ക്ലെയിം തുകയുടെ ചെക്ക് പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി ഒരു സർക്കാർ സ്ഥാപനത്തിന് ചേർന്നതല്ല എന്ന് കമ്മീഷൻ വിലയിരുത്തി. യാതൊരുവിധ പ്രതിഷേധവുമില്ലാതെ ക്ലെയിം തുക സ്വീകരിക്കണമെന്ന് ഇൻഷുറൻസ് കമ്പനിയുടെ നിഷേധാത്മകമായ നിലപാട് തെറ്റായ വ്യാപാര പ്രവണതയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. മാത്രവുമല്ല പരാതിക്കാരനെ മനപൂർവ്വം ബുദ്ധിമുട്ടിക്കാനായി ഇൻഷുറൻസ് കമ്പനിയുടെ സാക്ഷി വളരെ കാലം കോടതിയിൽ ഹാജരാവാതിരിക്കുകയും കേസ് 15 വർഷത്തോളം നീളുകയും ചെയ്തു. പണം നൽകി ഇൻഷുറൻസ് എടുക്കുന്ന സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കേണ്ടതാണെന്ന് എതിർകക്ഷിയെ ഓർമിപ്പിച്ചുകൊണ്ട് 52500/- രൂപ നഷ്ടപരിഹാര തുകയും മാനസി വ്യഥയ്ക്ക് 75,000 രൂപയും നിയമ നടപടികൾക്ക് ചിലവായ മറ്റൊരു 25,000 രൂപയും പരാതിക്കാരന് എതിർകക്ഷി നൽകുവാൻ കോടതി ഉത്തരവായി.