പത്തനംതിട്ട: ഭവന വായ്പ്പയിൽ ഉയർത്തിയ പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്ന ബാങ്കിനെതിരെ പത്തനംതിട്ട ഉപഭോക്തതർക്ക പരിഹാര കമ്മീഷന്റെ വിധി. റാന്നി പുതുപ്പറമ്പിൽ കെ.ആർ ബിജു സമർപ്പിച്ച പരാതിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖയ്ക്ക് എതിരെയാണ് വിധി. പരാതിക്കാരന്‍ 2006 ൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖയില്‍ നിന്നും എടുത്ത ഫ്ലോട്ടിങ് റേറ്റ് ഭവന വായ്പയിൽ ലോക്കിംഗ് കാലാവധിയായ ആദ്യ മൂന്ന് വർഷ കാലയളവിനു ശേഷം പലിശ നിരക്ക് ക്രമാതീതമായി ഉയർത്തുകയുണ്ടായി. എന്നാല്‍ ഈ വിവരം ബാങ്ക് പരാതിക്കാരനെ രേഖാമൂലമോ അല്ലാതെയോ അറിയിച്ചിരുന്നില്ല.
ഉയർത്തിയ പലിശ നിരക്ക് വായ്പ്പ കാലാവധി പൂർത്തിയാകും വരെ തുടർന്നു. ഇതുമൂലം പരാതിക്കാരന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഉയർത്തിയ പലിശ നിരക്ക് പ്രകാരം വായ്പ കാലയളവിന് ശേഷം പരാതിക്കാരന്റെ പേരില്‍ ബാങ്ക് കുടിശികയായി വകകൊള്ളിച്ച തുക പൂർണ്ണമായി ഒഴിവാക്കാനും പരാതിക്കാരന് നാളിതുവരെയുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖ നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, മെമ്പർ നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.