റാന്നി : ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികൾ രോഗമല്ല മറിച്ച് അവസ്ഥയാണ് ഇത് മനസ്സിലാക്കി ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി അവരെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. സാമൂഹ്യ ഉൾച്ചേർക്കൽ പരിപാടിയുടെ ഭാഗമായി ഭിന്നശേഷി ദിനാചരണം സമൂഹ മനസ്സിലെത്തിക്കാൻ വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികൾക്ക് റാന്നി ബി ആർ സി തുടക്കം കുറിച്ചു.
പെരുമ്പുഴ ഓട്ടോ സ്റ്റാൻഡിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ ചാക്കോ അധ്യക്ഷത വഹിച്ചു.ഷാജി എ സലാം, സ്പെഷ്യൽ എഡ്യുക്കേറ്റർ മേരിക്കുട്ടി എസ്. കുര്യൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പൊതു വാഹനങ്ങളിൽ ഭിന്നശേഷി ദിന സന്ദേശം ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ പതിപ്പിച്ചു.
വിദ്യാലയങ്ങളിൽ പോസ്റ്റർ/ചിത്രരചന മത്സരങ്ങൾ, സൈക്കിൾ റാലി, പൊതുഇടങ്ങളിൽ സർഗ രചനകൾ അടയാളപ്പെടുത്തുന്ന ബിഗ് ക്യാൻവാസ്, സ്പെഷ്യൽ സ്കൂൾ അസംബ്ലി എന്നിവ ദിനാചരണത്തിന് മുന്നോടിയായി നടക്കും. ഡിസംബർ 3 രാവിലെ 10 മണിക്ക് വളയനാട്ട് ഓഡിറ്റോറിയത്തിൽ റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ദിനാചരണം ഉദ്ഘാടനം ചെയ്യും.
പ്രചാരണ- ദിനാചരണ പരിപാടികൾക്ക് സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ സീമ എസ് പിള്ള,മേരിക്കുട്ടി എസ് കുര്യൻ,ലീബ ബാബു,വിഞ്ചു വി.ആർ,ഹിമ മോൾ സേവിയർ, സൗമ്യ രവി നിമിഷ അലക്സ്,അഞ്ജന എസ്, രാജശ്രീ ആർ, സോണിയ മോൾ ജോസഫ്, സി ആർ സി കോ-ഓർഡിനേറ്റർ ബീനാമ്മ കോശി എന്നിവർ നേതൃത്വം നൽകുന്നു.”ഉൾച്ചേർന്ന വികസനത്തിനായുള്ള പരിവർത്തനാത്മക പരിഹാരങ്ങൾ: തുല്യതയും പ്രാപ്യതയുമുള്ള നവലോകം സൃഷ്ടിക്കുന്നതിൽ നൂതനാശയപ്രവർത്തനങ്ങളുടെ പങ്ക്” എന്നതാണ് ഈ വർഷത്തെ തീം.