നെടുമ്പാശ്ശേരി : അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് നിബന്ധനകളിൽ സൗദിഅറേബ്യ ഇളവുകൾ പ്രഖ്യാപിച്ചതോടെ സൗദിയ എയർലൈൻസ് കേരളത്തിൽനിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ആദ്യവിമാനം ഞായറാഴ്ചയാണ്. അന്താരാഷ്ട്ര തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന പുരോഗതി സിയാലിലും പ്രതിഫലിച്ചു തുടങ്ങി.
ഞായറാഴ്ച 6069 അന്താരാഷ്ട്ര യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകും. ഈ ആഴ്ച സൗദിയ കൊച്ചിയിൽനിന്ന് മൂന്ന് സർവീസുകൾ നടത്തും. സെപ്റ്റംബർ രണ്ട് മുതൽ ഇൻഡിഗോയും സൗദി സർവീസ് ആരംഭിക്കും. കൂടുതൽ സർവീസുകൾ തുടങ്ങാൻ വിവിധ വിമാനക്കമ്പനികളുമായി ചർച്ച തുടങ്ങിയതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ഒട്ടേറെ വിമാനക്കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാനുള്ള നടപടികൾ സിയാൽ പൂർത്തിയാക്കിയതായി സുഹാസ് പറഞ്ഞു.
സൗദി വിമാനത്തിനുപുറമേ 21 അന്താരാഷ്ട്ര യാത്രാ സർവീസുകൾ ഞായറാഴ്ച കൊച്ചിയിൽനിന്നുണ്ടാകും. ഇതിൽ അഞ്ചെണ്ണം ദോഹയിലേക്കും നാല് വീതം ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും ഒന്ന് ലണ്ടനിലേക്കുമാണ്.