കൊച്ചി : കേരളത്തിന് അഭിമാനമാകുന്ന അന്തർദേശിയ നിലവാരത്തിലുള്ള ഒരു റെയിൽവേ സ്റ്റേഷൻ ആയി പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ മാറ്റുന്നതിനായുള്ള സാധ്യത റിപ്പോർട്ട് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചു.
ഏറെ നാളായി കൊച്ചി നേരിടുന്ന റെയിൽ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതും റയിൽവേയുടെ വികസനം ത്വരിതപ്പെടുത്തുന്നതുമായിരിക്കും ഇത്. പദ്ധതി സാങ്കേതികമായി പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമാണെന്നുമാണ് സാധ്യത പഠനത്തിൽ കെ-റെയിൽ പറയുന്നത്. കഴിഞ്ഞ ഒക്ടോബർ അവസാനമാണ് പദ്ധതിയുടെ സാധ്യതാപഠനത്തിന് ദക്ഷിണ റെയിൽവേ കെ- റെയിലിനെ ചുമതലപ്പെടുത്തുന്നത്. മൂന്ന് മാസം കൊണ്ടാണ് കെ-റെയിൽ സാധ്യത പഠന റിപ്പോർട്ട് പൂർത്തിയാക്കി സമർപ്പിച്ചത്.
മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കഴിയും. 4 പ്ലാറ്റുഫോമുകൾ, 2 പാർസൽ ലൈനുകൾ, 1 പിറ്റ് ലൈൻ, 2 സ്റ്റേബിളിങ് ലൈനുകൾ, വാഗൺ എക്‌സാമിനേഷൻ ലൈൻ തുടങ്ങിയവയാണ് സാധ്യത റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. ഭാവിയിൽ വർദ്ധിച്ചുവരുന്ന ട്രാഫിക് ആവശ്യങ്ങളെ ആശ്രയിച്ച് യാത്രക്കാരുടെ പ്ലാറ്റ്ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി. സ്റ്റേഷൻ അടിസ്ഥാന വികസനത്തിന് ആവശ്യമായ 325 കോടി രൂപ ഉൾപ്പെടെ ആകെ 1654 കോടി രൂപയുടെ നിക്ഷേപം ആണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിൽ സ്റ്റേഷൻ, യാർഡ്, റെസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ കോംപ്ലക്സുകൾ എന്നിവ ഉണ്ടാകും.
വൈറ്റിലയ്ക്കടുത്ത് പൊന്നുരുന്നി, കതൃക്കടവ് മേൽപാലങ്ങൾക്ക് ഇടയിലാണ് എറണാകുളം മാർഷലിങ് യാർഡ്. 110 ഏക്കർ ഭൂമിയാണ് ഇവിടെ റെയിൽവേക്ക് സ്വന്തമായുള്ളത്. ഗുഡ്സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രവുമാണ് ഇവിടെയുള്ളത്. എറണാകുളം സൗത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രമാണ് നിർദിഷ്ട ടെർമിനലിലേയ്ക്കുള്ള ദൂരം.
എറണാകുളം ജംഗ്ഷൻ , എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിലവിലുള്ള സൗകര്യങ്ങൾ തികച്ചും അപര്യാപ്തമാണ്. അതിനാൽ വർദ്ധിച്ചുവരുന്ന ട്രാഫിക് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ നിർദിഷ്ട ഇന്റഗ്രേറ്റഡ് കോച്ചിങ് ടെർമിനൽ സഹായകരമാകും എന്നും പഠനം പറയുന്നു. പദ്ധതി വരുന്നതോടെ പ്രദേശത്തെ റോഡുകളുടെ സൗകര്യവും വികസിക്കും. നിർദിഷ്ട ടെർമിനലിന്റെ തെക്കു വശത്തും കിഴക്ക് ഭാഗത്ത്കൂടി ഒരു പുതിയ റോഡ് നിർമ്മിക്കാൻ പഠനത്തിൽ നിർദേശിച്ചിട്ടുണ്ട്.
ഒരു പുതിയ പാത നിർമ്മിച്ച് എൻഎച്ച് 66 ലേക്കുള്ള സർവീസ് റോഡിനെ ബന്ധിപ്പിച്ച് വൈറ്റില്ല മൊബിലിറ്റി ഹബുമായി ബന്ധിപ്പിക്കുന്നതിലൂടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ആദ്യ ഘട്ടത്തിൽ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ നിന്ന് ഒരു കണക്റ്റിവിറ്റി നിർദ്ദേശിക്കുന്നത് പൊന്നുരുണി പാലത്തിന് കീഴിലുള്ള റോഡ് വീതികൂട്ടുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തമ്മനം-പുല്ലേപ്പടി റോഡിൽ നിന്ന് നിർദിഷ്ട ടെർമിനലിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിയും പഠനത്തിൽ നിർദ്ദേശിക്കുന്നു. പദ്ധതിയുടെ തെക്ക് എളംകുളം മെട്രോ സ്റ്റേഷനെ ഫാത്തിമ ചർച്ച് റോഡ് വഴിയും വടക്ക് ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ വഴി ജെ എൽ എൻ സ്റ്റേഡിയം റോഡിനെ ഇ-ഫീഡറുകൾ വഴി ബന്ധിപ്പിക്കാനും നിർദേശിക്കുന്നു.
കഴിഞ്ഞ പത്തു വർഷത്തെ യാത്രികരുടെ വിവരങ്ങളും ചരക്കു കൈകാര്യം ചെയ്ത വിവരങ്ങളും, പ്രതിദിന ട്രെയിനുകളുടെ വിവരങ്ങളും വിശദമായ പഠനത്തിനായി കെ റെയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇടപ്പള്ളി, കളമശ്ശേരി, തൃപ്പൂണിത്തുറ, തുറവൂർ, ചേർത്തല റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങളും റിപ്പോർട്ട് നിർമിക്കുന്നതിനായി ഉപയോഗിച്ചു. മധ്യകേരളത്തിലെ അടുത്ത 30 വർഷത്തെ റെയിൽവേ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ടെർമിനലിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.