കോഴിക്കോട്: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട്ട് തുടക്കം. കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമയാണ് മത്സരം സംഘടിപ്പിക്കുന്നത്. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഏറെ സാഹസികത നിറഞ്ഞ കയാക്കിങ് മത്സരം കാണികൾക്കും ഏറെ ആവേശം നൽകുന്നതായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഏഴ് വിദേശികളും ഉൾപ്പെടെ 100ഓളം മത്സരാർത്ഥികളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായാണ് കയാക്കിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അമച്വര്‍ കയാക്ക് ക്രോസ് ഇന്‍റര്‍മീഡിയേറ്റർ മത്സരങ്ങളാണ് ഇന്നലെ നടന്നത്. വിദേശികൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രൊഫഷണൽ മത്സരങ്ങളും ഡൗൺറിവർ മത്സരങ്ങളുമെല്ലാം വരുംദിവസങ്ങളിൽ നടക്കും.പുരുഷ വിഭാഗത്തിൽ രാജസ്ഥാൻ സ്വദേശിയായ 13 വയസ്സുകാരൻ ആദിത്യജ്യോതിയും വനിതകളുടെ വിഭാഗത്തിൽ മധ്യപ്രദേശുകാരി ഗുന്‍ഗുന്‍ തിവാരിയുമാണ് ഇന്നലെ നടന്ന മത്സരത്തിൽ വിജയികളായത്.