പത്തനംതിട്ട : ജില്ലയില്‍ സ്ത്രീകള്‍ക്കായി പുതിയ അധ്യായം തുറക്കപ്പെട്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാചരണത്താട് അനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.
വനിതാ ശിശു വികസന ഓഫീസിന്റെ പ്രവര്‍ത്തനം സാമൂഹ്യനീതി വകുപ്പില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലയാണ് പത്തനംതിട്ട. വനിതാ ശിശു വികസന ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തി സ്ത്രീകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുക എന്നതാണ് സ്വതന്ത്ര പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം. സ്ത്രീ സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട കാല്‍വയ്പുകളിലൊന്നാണ് ഇന്നത്തെ വനിതാ ദിനാചരണത്താടെ ആരംഭിക്കുന്നത്. സ്ത്രീ സുരക്ഷ വീടിനകത്തും പുറത്തും ഉറപ്പ് വരുത്തണം. സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ കഴിയണം. പ്രകൃതിയുടെ മാറ്റങ്ങളും സഹജീവികളുടെ പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണ്. സ്ത്രീശാക്തീകരണ പ്രക്രിയയിലേക്ക് എല്ലാവരെയും കൊണ്ടുവരണം. ജില്ലയിലെ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ പേരില്‍ സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ട ജില്ലയാണ് പത്തനംതിട്ട. സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. മുന്നോട്ടുള്ള യാത്രയുടെ ഒരു കാല്‍വയ്പ് മാത്രമാണ് വനിതാദിനാചരണം. ജില്ലയില്‍ വനിതാ പോലീസ് സ്റ്റേഷന്‍ വരുന്നു. ജില്ലയുടെ ഏത് ഭാഗത്തു നിന്നുള്ള സ്ത്രീകള്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ അവിടെ പരിഹരിക്കാമെന്നും എംഎല്‍എ പറഞ്ഞു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബേബിക്കുട്ടി ഡാനിയേല്‍, കുഞ്ഞന്നാമ്മകുഞ്ഞ്, സൂസമ്മ മാത്യു, വി.വി ആശമോള്‍, പി.ഡി അമ്മിണി എന്നീ അഞ്ചു വനിതകളെ വീണാ ജോര്‍ജ് എംഎല്‍എ പൊന്നാട അണിയിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. ചുമര്‍ ചിത്ര രചനാ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ വി. അഭിലാഷ്, ഷാജി പി. എബ്രഹാം, ജി. പ്രേംദാസ് എന്നിവര്‍ക്ക് കാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും വീണാ ജോര്‍ജ് എംഎല്‍എ വിതരണം ചെയ്തു. കോഴഞ്ചേരി മഹിളാമന്ദിരത്തിലെ കുട്ടികളുടെ തിരുവാതിരയും വിവിധ കലാപരിപാടികളും അന്താരാഷ്ട്ര വനിതാ ദിനാചരണത്താട് അനുബന്ധിച്ച് നടത്തി.
എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍ ഷീജ, പത്തനംതിട്ട കാതോലിക്കറ്റ് എച്ച്എസ്എസ് എച്ച്.എം. മാത്യു എം. ഡാനിയേല്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ബിനുരാജ്, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച്. താഹിറാ ബീവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസ്, ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ നിഷ വി. നായര്‍, ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് സി.എസ്. അജീഷ് കുമാര്‍, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു, പന്തളം ശിശുവികസന പദ്ധതി ഓഫീസര്‍ റാഹിലബീവി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ഡബ്ല്യൂസിഡി ജില്ലാ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.