കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള കോഴിക്കോട് നടക്കും. 16, 17, 18 തീയതികളിലാണ് പ്രദര്‍ശനം. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ‘ക്ലാര സോള’ പ്രദർശിപ്പിക്കും. 16 ന് ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷമായിരിക്കും പ്രദർശനം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 26-ാമത് ഐ.എഫ്.എഫ്.കെയിൽ ഇനസ് മരിയ ബാറിയോനുയേവയ്ക്ക് മികച്ചസംവിധായികയ്ക്കുള്ള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’എന്ന അർജന്റീനൻ ചിത്രവും മേളയിലുണ്ട്.
മതവും സാമൂഹിക വ്യവസ്ഥയും ആണധികാരവും ചേർന്ന് അടിച്ചമർത്തിയ തൃഷ്ണകളുടെ വീണ്ടെടുപ്പിനായി പൊരുതുന്ന നാൽപ്പതുകാരിയുടെ കഥ പറയുന്ന ഈ ചിത്രം സ്വീഡൻ, കോസ്റ്റോറിക്ക, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. ജൂലൈ 15ന് ഡെലിഗേറ്റ് പാസ് വിതരണം ആരംഭിക്കും. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ്പ് ഡെസ്ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നാണ്. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഫീസ്.