കൊച്ചി : ഗാർഹിക പീഡനം നടത്തി ഭർത്താവുപേക്ഷിച്ച യുവതിയുടെ പിന്നാലെ ലഹരി മാഫിയ. ഭർതൃവീട്ടുകാർ വീട് പൂട്ടിപ്പോയതിനെത്തുടർന്ന് വഴിയാധാരമായ യുവതി ഷെൽറ്റർ ഹോമിലാണ് കഴിയുന്നത്. യുവതിയുടെ വാട്സാപ്പിലേക്കാണ് അപരിചിത ഫോൺ നമ്പരിൽ നിന്ന് ലഹരി നൽകാമെന്ന് വാഗ്ദാനം നൽകി സന്ദേശം വന്നത്. സന്ദേശത്തിനൊപ്പം മയക്കുമരുന്നിന്റെ ചിത്രവും അയച്ചിട്ടുണ്ട്. യുവതിയുടെ പേരുവിളിച്ച് വൈപ്പിനിൽനിന്ന് അരുണാണെന്ന് പരിചയപ്പെടുത്തുന്ന ആൾ അടുപ്പമുള്ള പോലെയാണ് സംസാരിച്ചത്. അസ്വാഭാവികത തോന്നിയ യുവതി പ്രതികരിച്ചില്ല. തുടർന്നുള്ള സന്ദേശത്തിൽ തെറ്റായ മെസേജ് അയച്ചതാണെന്നും മറ്റൊരു പെൺകുട്ടിയുടെ ചിത്രമയച്ച് അവരുടെ സുഹൃത്താണെന്നു കരുതിയാണ് സന്ദേശമയച്ചതെന്നും പറയുന്നു.
ഗാർഹിക പീഡനവും കടക്കെണിയും തുടങ്ങി നിരവധി പ്രശ്നങ്ങളുടെ നടുവിൽ ആശങ്കപ്പെട്ടിരിക്കുന്ന യുവതിയെ ഈ പ്രശ്നം കൂടുതൽ മാനസിക സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഫോണിലേക്ക് നിരന്തരമായി കോളുകളും സന്ദേശവും വരുന്നുണ്ട്. തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാക്കി കുടുക്കാനുള്ള ശ്രമമാണെന്ന് യുവതി ആരോപിച്ചു. യുവതിയുടെ ഭർത്താവ് ലഹരിയുടെ അടിമയാണെന്ന് യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരു യുവതിയുടെ ചിത്രവും സാമൂഹ്യ മാധ്യമത്തിലൂടെ മോശമായി പ്രചരിക്കുന്നതിലും യുവതി ആശങ്ക പങ്കുവെച്ചു.