തിരുവനന്തപുരം : ഐ.എന്‍.ടി.യു.സി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര്‍ പിടിയില്‍. കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ഐ.എന്‍.ടി.യു.സി യൂനിയന്‍ അംഗമായ കാലടി ആറ്റുവരമ്പ് സ്വദേശി സതീഷ് കുമാര്‍ (39) ആണ് മരിച്ചത്. സജീവ്, ജയശങ്കര്‍ എന്നിവരാണ് ഫോര്‍ട് പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി 10 മണിയോടെ ഓടോറിക്ഷയില്‍ എത്തിയ 2 പേര്‍ സതീഷിനെ കുത്തി പരിക്കേല്‍പിച്ച ശേഷം കടന്നു കളയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പോലീസ് പറയുന്നു. മൃതദേഹം ഫോര്‍ട് പോലീസെത്തി മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
പ്രതികളുടെ സുഹൃത്തിനെ ആക്രമിച്ച സംഭവത്തില്‍ പ്രശ്‌ന പരിഹാര ചര്‍ച്ച നടത്താമെന്ന വ്യാജേന സതീഷിനെ കിള്ളിപ്പാലം ബണ്ട് റോഡിലേക്ക് വിളിച്ചു വരുത്തി കുത്തികൊല്ലുകയാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.