തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് പണം ഇല്ലാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ മരിച്ചത്. കരുവന്നൂർ ബാങ്കിൽ 30ലക്ഷം രൂപ നിക്ഷേപമുള്ള ആളായിരുന്നു ഫിലോമിന.
ചികിൽസാ ആവശ്യത്തിന് നിക്ഷേപത്തിലെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചപ്പോഴും വളരെ മോശം ഇടപെടലാണ് ഉണ്ടായതെന്ന് ഫിലോമിനയുടെ ഭർത്താവ് ആരോപിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്. 80-വയസ്സുള്ള മനുഷ്യനാണ് ഞാന്‍. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ആരോഗ്യം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാന്‍ ആരോടാണ് പറയേണ്ടത്…എല്ലാവരും കൈമലര്‍ത്തുന്നു എന്നും നേരത്തേ ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.