കട്ടപ്പന: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയ്ക്ക് എതിരെ നല്‍കിയ പരാതി ചേര്‍ത്തി നല്കിയെന്ന പരാതിയില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍.വൈ.എഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയില്‍ എത്തിയ അജോ നഗരത്തിലെ ഭക്ഷണശാലയില്‍ നിന്നും ആഹാരം കഴിച്ചു. തുടര്‍ന്ന് അല്പ സമയം കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതത അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഇതിന് പിന്നാലെ മുനിസിപ്പാലിറ്റിയിലെത്തി രേഖാമൂലം പരാതി നല്‍കി. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാതെ പരാതിക്കാരന്റെ ഫോണ്‍ നമ്പരും മറ്റും സ്ഥാപന നടത്തിപ്പുകാര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈമാറുകയായിരുന്നു. രാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു .ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നടപടി 2011 ലെ വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നീയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കര്‍ശന നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.