കൊച്ചി : എറണാകുളം സ്ത്രീധന പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ബി ടോമാണ് വനിതാ കമ്മീഷന് മുന്നില്‍ ഹാജറായി വിശദീകരണം നല്‍കിയത്.
പരാതിക്കാരിയായ യുവതിയെ സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം ഷിജി ശിവജി പോലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ആദ്യ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമ വകുപ്പുകള്‍ ചേര്‍ക്കാത്ത നടപടിയെ അവര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനോട് തിരുവനന്തപുരത്തെ വനിത കമ്മീഷന്‍ ഓഫീസിലെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ മുന്‍പാകെ ഹാജരായി ഉദ്യോഗസ്ഥന്‍ തന്റെ ഭാഗം വിശദികരിച്ചു.
ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത പച്ചാളം സ്വദേശി ജിപ്‌സണ്‍ പീറ്ററിനെതിരെയാണ് പരാതി. മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാല്‍ ജിപ്സണ്‍ തല്ലി ഒടിക്കുകയും ചെയ്തിരുന്നു. ആദ്യ പരാതിയില്‍ നടപടി എടുക്കാത്ത പോലീസ് പിന്നീട് കേസെടുത്തെങ്കിലും ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.
സ്ത്രീധന പീഡന പരാതിയില്‍ നടപടിയെടുക്കാത്ത പോലീസ് നിലപാടിനെതിരെ യുവതി രംഗത്ത് വന്നിരുന്നു. വിസ്മയയെ പോലെ താനും മരിക്കണമായിരുന്നു. എങ്കില്‍ കുറ്റവാളികളികളെ അറസ്റ്റു ചെയ്യുമായിരുന്നു ഇവിടെ ഒരു പെണ്‍കുട്ടിയും ഒന്നും തുറന്നു പറയാത്തത് ഇതുകൊണ്ടാണ്. ആര്‍ക്കും നീതി ലഭിക്കാത്ത സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.