കോട്ടയം : നഗരസഭയിലെ സാമ്പത്തിക തിരിമറിയിൽ അന്വേഷണം വിജിലൻസിന് കൈമാറാൻ നടപടികൾ ആരംഭിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാകും നടപടി. കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആയതിനാലാണ് പോലീസിൽ നിന്നും കേസ് വിജിലൻസിന് കൈമാറുന്നത്. രണ്ട് ദിവസത്തിനകം കേസ് കൈമാറാനാണ് നീക്കം. പ്രാഥമിക അന്വേഷണത്തിൽ അഖിൽ നടത്തിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് ജില്ലകൾ കേന്ദ്രീകരിച്ച് അടക്കമുള്ള പോലീസിന്റെ അന്വേഷണം തുടരുകയാണ്. അന്വേഷണം ഏറ്റെടുത്ത് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഒളിവിലുള്ള അഖിലിനെ കുറിച്ച് വിവരം കിട്ടാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നും ആരോപണമുണ്ട്. നഗരസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. യുഡിഎഫ്-എല്‍ഡിഎഫ് അറിവോടെയാണ് തിരിമറി എന്നാണ് ബിജെപിയുടെ ആരോപണം.
അതേസമയം, നഗരസഭാ അധ്യക്ഷനെതിരെ കഴിഞ്ഞ ദിവസം ഇടതു കൗൺസിലർമാരുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധവും ഉണ്ടായിരുന്നു. സംഭവത്തിൽ പെൻഷൻ വിഭാഗത്തിലെ മൂന്നു ജീവനക്കാരെ നഗരസഭ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ പേർക്ക് തിരിമറിയിൽ പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.