ലാഹോര്‍ : ഹൃദയാഘാതം വന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാകിസ്ഥാന്‍ ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖ്. പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കിയത്. ദിവസേനയുള്ള പരിശോധനയ്ക്ക് ആശുപത്രിയില്‍ പോയതാണെന്നാണ് മുന്‍ ക്യാപ്റ്റന്റെ വിശദീകരണം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്തിയിലുണ്ടായിരുന്നു.
ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്‍സി. അദ്ദേഹത്തിന്റെ വാക്കുകള്‍. ”എനിക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയുന്ന വാര്‍ത്തകള്‍ തെറ്റാണ്. സ്ഥിരമായി നടത്തുന്ന ചെക്കപ്പിന് വേണ്ടിയാണ് ഞാന്‍ ആശുപത്രിയില്‍ പോയത്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.
പരിശോധനയില്‍ എന്റെ ധമനികളില്‍ ഒന്നില്‍ ബ്ലോക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് പരിഹരിക്കാനായി. 12 മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയെ്ത്തി. ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ല.” ഇന്‍സമാം വ്യക്തമാക്കി.