ആപ്പിളിന്‍റെ പുതിയ ഐഫോൺ സീരീസ് ഇന്ന് മുതൽ രാജ്യത്ത് ലഭ്യമാകും. ഫോൺ പ്രീ ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ ഫോൺ ലഭിക്കുന്നതാണ്. ഇതിന് പുറമെ ആപ്പിളിന്റെ സ്റ്റോറുകളിൽ നിന്നും ഇന്ന് മുതൽ ഫോണുകൾ സ്വന്തമാക്കാവുന്നതാണ്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് പുതിയ ഫോണുകൾ. നിലവിൽ രാജ്യത്ത് ഡൽഹിയിലും മുംബൈയിലും മാത്രമാണ് ആപ്പിളിന് ഔദ്യോഗിക സ്റ്റോർ ഉള്ളത്. രാവിലെ 8 മണി മുതലാണ് ഇവിടെ വിൽപന ആരംഭിച്ചത്. ഫോൺ വാങ്ങാനായി ഉപഭോക്താക്കളുടെ വലിയ നിരയാണ് ഈ സ്റ്റോറുകൾക്ക് മുന്നിൽ കാണാൻ സാധിക്കുന്നത്. യുഎസ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ ഫോൺ വിൽപനക്കെത്തുന്ന ദിവസം തന്നെ ഇന്ത്യയിലും പുതിയ ഫോൺ വിൽപനക്കെത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
നേരത്തെ യൂറോപ്യൻ വിപണികളിൽ എത്തി ഏകദേശം ഒരു മാസത്തോളം കാത്തിരുന്നാൽ മാത്രമായിരുന്നു പുതിയ ഐഫോണുകൾ ഇന്ത്യയിൽ എത്തിയിരുന്നത്. എന്നാൽ ഇത്തവണ പുതിയ ഫോണുകൾ ഇന്ത്യയിൽ നിർമ്മിച്ചിരിക്കുന്നത് എന്നതും രാജ്യത്ത് ഐഫോൺ ആദ്യമെത്താൻ കാരണമായി. ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾ ഇവിടെ വിൽക്കുന്നതിന് ഒപ്പം കയറ്റി അയയ്ക്കാനും ഉപയോഗിക്കുന്നതാണ്. ഫാക്സോൺ എന്ന കമ്പനിയാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്.