ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റൺസ് നേടി ലക്ഷ്യം മറികടന്നു. ലഖ്‌നൗവിനായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഉപകരിച്ചില്ല. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ അവസാന ഓവറുകളിലെ വേഗമേറിയ ഇന്നിങ്‌സാണ് ചെന്നൈക്ക് ജയം സാധ്യമാക്കിയത്. 11 പന്തിൽ ഒരു സിക്സും നാല് ഫോറും സഹിതം 26 റൺസാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഇംപാക്ട് പ്ലെയറായത്തിയ ശിവം ദുബെയാണ് (37 പന്തില്‍ 43 റണ്‍സ്) ചെന്നൈയുടെ ടോപ് സ്‌കോറര്‍.ഓപ്പണര്‍ രചിന്‍ രവീന്ദ്ര 22 പന്തുകളില്‍ 37 റണ്‍സ് നേടി.
ഷെയ്ക് റഷീദ് 19 പന്തില്‍ 27 റണ്‍സുമെടുത്തു. ദുബെയും ധോനിയും ചേര്‍ന്ന് 57 റൺസിന്റെ പിരിയാത്ത കൂട്ടുകെട്ട് പടുത്തുയർത്തി. രാഹുല്‍ ത്രിപാഠി (9), രവീന്ദ്ര ജഡേജ (7), വിജയ് ശങ്കര്‍ (9) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ലഖ്‌നൗവിനായി രവി ബിഷ്‌ണോയ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ദിഗ്വേഷ് സിങ് രതി, ആവേശ് ഖാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റുവീതം നേടി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ അര്‍ധ സെഞ്ചുറിയാണ് ടീം സ്‌കോറില്‍ നിര്‍ണായകമായത്. ചെന്നൈ നിരയില്‍ മതീഷ് പതിരണയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ടുവീതം വിക്കറ്റുകളുണ്ട്. 49 പന്തുകള്‍ നേരിട്ടാണ് പന്ത് 63 റണ്‍സ് നേടിയത്. നാലുവീതം ഫോറും സിക്‌സും ഇന്നിങ്‌സിലുണ്ട്.
ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (6) ആദ്യ ഓവറില്‍ത്തന്നെ മടങ്ങി. മിച്ചല്‍ മാര്‍ഷ് (30), നിക്കോളാസ് പുരാന്‍ (8), ആയുഷ് ബദോനി (22), അബ്ദുല്‍ സമദ് (20), ഷാര്‍ദുല്‍ ഠാക്കൂര്‍ (6) എന്നിങ്ങനെയാണ് മറ്റു പ്രകടനങ്ങള്‍. അഫ്ഗാനിസ്താന്‍ താരം നൂര്‍ അഹമ്മദ് നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും കുറഞ്ഞ റണ്‍സ് വിട്ടുകൊടുക്കുന്ന താരമായി നൂര്‍ അഹമ്മദ് മാറി. നേരത്തേ ചെന്നൈക്കെതിരേ സുനില്‍ നരെയ്‌നും നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കിയിരുന്നു. 16 റണ്‍സ് വിട്ടുനല്‍കിയ ഹര്‍ഷിത് റാണയാണ് മൂന്നാമത്. ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം.