മുംബൈ : ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ന് പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെയും ചെന്നൈ സൂപ്പർ കിംഗ്സ് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. യഥാക്രമം വൈകീട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. പോയിൻ്റ് പട്ടികയിൽ പഞ്ചാബ് അഞ്ചാമതും ഹൈദരാബാദ് ഏഴാമതുമാണ്. ഗുജറാത്ത് ടൈറ്റൻസ് ഒന്നാമത് നിൽക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് പട്ടികയിൽ 9ആം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ചെന്നൈ വിജയിച്ചത്.
അടിച്ചുതകർത്ത് കളിക്കുക എന്ന ഗെയിം പ്ലാനാണ് പഞ്ചാബ് കിംഗ്സ് ഇക്കുറി നടപ്പാക്കുന്നത്. അത് നടപ്പിലാക്കാൻ ശേഷിയുള്ള ബാറ്റിംഗ് നിരയും അവർക്കുണ്ട്. തകർത്ത് കളിച്ചിരുന്ന ഭാനുക രാജപക്യ്ക്ക് പകരമെത്തിയ ജോണി ബെയർസ്റ്റോ രണ്ട് കളികളിൽ നിരാശപ്പെടുത്തിയെങ്കിലും അഗർവാൾ മുതൽ ഒഡീൻ സ്മിത്ത് വരെ വിസ്ഫോടനാത്മക ബാറ്റിംഗ് തന്നെയാണ് പഞ്ചാബിൻ്റെ കരുത്ത്. റബാഡ, അർഷ്ദീപ്, രാഹുൽ ചഹാർ, വൈഭവ് അറോറ എന്നിങ്ങനെ നീളുന്ന ബൗളിംഗ് വിഭാഗവും കരുത്തുറ്റത് തന്നെയാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.
ലേലത്തിലെ നിരാശപ്പെടുത്തൽ ഒരു വസ്തുതയാണെങ്കിലും തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ച സൺറൈസേഴ്സ് കണക്കുകൂട്ടലുകളെ തകർത്താണ് മുന്നേറുന്നത്. നിരാശപ്പെടുത്തുന്ന ഓപ്പണിംഗിനെ മറച്ചുപിടിക്കുന്നത് അതിഗംഭീര ഫോമിലുള്ള രാഹുൽ ത്രിപാഠിയാണ്. പിന്നാലെ എയ്ഡൻ മാർക്രം, നിക്കോളാൻ പൂരാൻ എന്നിങ്ങനെ നിലവാരമുള്ള ബാറ്റിംഗ് നിര. ഓപ്പണിംഗ് കൂടി ക്ലിക്കായാൽ ഹൈദരാബാദിനെ പിടിച്ചുകെട്ടുക ബുദ്ധിമുട്ടാവും. ഭുവി, നടരാജൻ, ഉമ്രാൻ മാലിക്ക്, മാർക്കോ ജാൻസൻ എന്നിവെർ ഉൾക്കൊള്ളുന്ന ബൗളിംഗ് അതിശക്തമാണ്. ടീമിൽ മാറ്റമുണ്ടാവില്ല.
പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസിൻ്റെ ഏറ്റവും വലിയ പോസിറ്റീവ് ഹാർദ്ദിക് പാണ്ഡ്യയുടെ ഫോം തന്നെയാണ്. പവർ പ്ലേയിലടക്കം മനോഹരമായി പന്തെറിയുകയും നാലാം നമ്പറിലിറങ്ങി ബാറ്റിംഗിനെയാകെ നയിക്കുകയും ചെയ്യുന്ന ഹാർദ്ദിക് ക്യാപ്റ്റൻ എന്ന നിലയിലും മികച്ച പ്രകടനമാണ് നടത്തുന്നത്. മാത്യു വെയ്ഡിൻ്റെയും വിജയ് ശങ്കറിൻ്റെയും മോശം ഫോം ഒരു പ്രശ്നമാണ്. വെയ്ഡിനു പകരം റഹ്മാനുള്ള ഗുർബാസിന് സാധ്യതയുണ്ട്. വിജയ് ശങ്കറിനു പകരം ഗുർകീരത് സിംഗും കളിച്ചേക്കാം.
തുടരെ 4 മത്സരങ്ങൾ പരാജയപ്പെട്ടതിനു ശേഷം ചാമ്പ്യന്മാരാവാൻ പോലും സാധ്യത കല്പിക്കപ്പെടുന്ന ആർസിബിയെ കീഴടക്കി ആദ്യ ജയം കുറിച്ച ചെന്നൈ ആത്മവിശ്വാസത്തിലാണ്. എന്നാൽ ശിവം ദുബെ, റോബിൻ ഉത്തപ്പ എന്നീ രണ്ട് താരങ്ങൾ ഒഴികെ വേറെ ഒരു ബാറ്ററും ചെന്നൈക്കായി സ്ഥിരതയോടെ കളിക്കുന്നില്ല. ബൗളിംഗിൽ മഹീഷ് തീക്ഷണ പ്രതീക്ഷ നൽകുന്നു. ജഡേജ, മുകേഷ് ചൗധരി, ബ്രാവോ, ജോർഡൻ എന്നിവരൊക്കെ ശരാശരി പ്രകടനമാണ് നടത്തുന്നത്. എങ്കിലും ടീമിൽ മാറ്റമുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്.