ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കെഎൽ രാഹുൽ ഷോ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 163 റൺസ് പിന്തുടർന്ന ഡൽഹി ക്യാപ്പിറ്റൽസിനെ രാഹുൽ 53 പന്തിൽ 93 റൺസുമായി മുന്നിൽനിന്നും നയിച്ചു. 23 പന്തിൽ നിന്നും 38 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സ് രാഹുലിന് ഒത്ത പിന്തുണ നൽകി. നാലിൽ നാലും വിജയിച്ച ഡൽഹി എട്ടുറൺസുമായി പോയന്റ് പട്ടികയിൽ രണ്ടാമത് നിൽക്കുമ്പോൾ അഞ്ച് മത്സരങ്ങളിൽ നിന്നും ആറ് പോയന്റുള്ള ആർസിബി മൂന്നാമതാണ്.താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടർന്ന ഡൽഹി 58ന് നാല് എന്ന നിലയിൽ പതുങ്ങിയിരുന്നു. ഫാഫ് ഡുപ്ലെസിസ് (2), ജേക്ക് ഫ്രേസർ മഗർക്ക് (7), അഭിഷേക് പൊരേൽ (7), അക്സർ പട്ടേൽ (15) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽപിന്നീട് ക്രീസിൽ നിലയുറപ്പിച്ച കെഎൽ രാഹുൽ-ട്രിസ്റ്റൺ സ്റ്റബ്സ് സഖ്യം ആർസിബിയിൽ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആർസിബിക്കായി ഫിൽ സോൾട്ട് മിന്നും തുടക്കമാണ് നൽകിയത്. 17 പന്തിൽ 37റൺസെടുത്ത സാൾട്ടിന്റെ മിടുക്കിൽ ആർസിബി 3.5 ഓവറിൽ 61 റൺസിലെത്തി. മിച്ചൽ സ്റ്റാർക്കിന്റെ ഒരോവറിൽ മാത്രം 30 റൺസാണ് അടിച്ചെടുത്തത്. എന്നാൽ സാൾട്ട് റൺ ഔട്ടായതിന് പിന്നാലെ ബെംഗളൂരു ബാറ്റിങ് തകർന്നു. വിരാട് കോഹ്‍ലി (22), ദേവ്ദത്ത് പടിക്കൽ (1), രജത് പാട്ടീഥാർ (25), ലിയാം ലിവിങ്സ്റ്റൺ (4), ജിതേഷ് ശർമയ (3) എന്നിവർക്കും കാര്യമായ സംഭവാനകൾ അർപ്പിക്കാനായില്ല. 20 പന്തിൽ നിന്നും 37 റൺസെടുത്ത ടിം ഡേവിഡാണ് ആർസിബിയെ മാന്യമായ സ്കോറിൽ എത്തിച്ചത്. ഡൽഹിക്കായി വിപ്രജ് നിഗമും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.