ധരംശാല: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി പഞ്ചാബ് കിങ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗവിനെ 37 റണ്‍സിനാണ് തോല്‍പ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വമ്പന്‍ തോല്‍വിയിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തില്‍ അബ്ദുള്‍ സമദ്-ആയുഷ് ബദോനി സഖ്യം നടത്തിയ അപ്രതീക്ഷിത പോരാട്ട വീര്യമാണ് വലിയ നാണക്കേടില്‍ നിന്നും ലഖ്‌നൗവിനെ രക്ഷിച്ചത്. 40 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 74 റണ്‍സുമായി അവസാന ഓവറില്‍ പുറത്തായ ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍.
അബ്ദുല്‍ സമദ് 24 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 45 റണ്‍സെടുത്ത് പുറത്തായി. ആറാം വിക്കറ്റില്‍ ബദോനി-സമദ് സഖ്യം 41 പന്തില്‍ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് ലക്‌നൗവിന്റെ പോരാട്ടം അവസാന ഓവര്‍ വരെ നീട്ടിയത്. നായകന്‍ ഋഷഭ് പന്ത് 18 റണ്‍സെടുത്ത് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. സെഞ്ചറിയുടെ വക്കോളമെത്തിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പ്രഭ്‌സിമ്രാന്‍ 91 റണ്‍സെടുത്ത് പുറത്തായി. 48 പന്തില്‍ ആറു ഫോറും ഏഴു സിക്‌സും ഉള്‍പ്പെടുന്നതാണ് പ്രഭ്‌സിമ്രാന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി.