ചെന്നൈ: ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇഷാൻ കിഷൻ(34 പന്തിൽ 44) ടോപ് സ്‌കോററായി. ശ്രീലങ്കൻ താരം കമിന്ദു മെൻഡിസ്(22 പന്തിൽ 32), നിതീഷ് കുമാർ റെഡ്ഡി(13 പന്തിൽ 19) പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. സീസണിലെ എസ്ആർഎച്ചിന്റെ മൂന്നാം ജയമാണിത്.ചെന്നൈ തട്ടകമായ ചെപ്പോക്കിൽ 155 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് പ്രതീക്ഷിച്ച തുടക്കം നൽകാൻ ഓപ്പണർമാർക്കായില്ല.
ഖലീൽ അഹമ്മദ് എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ അഭിഷേക് ശർമ(0)മടങ്ങി. പവർപ്ലേയ്ക്കുള്ളിൽ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനേയും(19) ചെന്നൈ മടക്കി. അൻഷുൽ കാമ്പോജിന്റെ ഓവറിൽ ഓസീസ് താരം ക്ലീൻബൗൾഡായി. പിന്നാലെ മികച്ച ഫോമിലുള്ള ഹെന്റിച് ക്ലാസനും(7) അതിവേഗം കൂടാരം കയറി. എന്നാൽ ഒരുവശത്ത് ഉറച്ചുനിന്ന ഇഷാൻ കിഷൻ(44) സ്‌കോറിംഗ് ഉയർത്തി. ക്രീസിലെത്തിയ അനികേത് വർമയെ(19) കൂട്ടുപിടിച്ചുള്ള ബാറ്റിങ് സന്ദർശകർക്ക് ആശ്വാസമായി. എന്നാൽ തൊട്ടടുത്ത ഓവറിൽ ഇഷാനും അനികേതും മടങ്ങിയതോടെ വീണ്ടും ചെന്നൈ കളിയിലേക്ക് മടങ്ങിയെത്തി.
എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന കമിന്ദു മെൻഡിസ്-നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ട് പരിക്കുകളില്ലാതെ ഹൈദരാബാദിനെ വിജയതീരുമണയിച്ചു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയർ 19.5 ഓവറിൽ ഓൾഔട്ടായി. 25 പന്തിൽ 42 റൺസെടുത്ത അരങ്ങേറ്റക്കാരൻ ഡിവാൾഡ് ബ്രേവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ആയുഷ് മാത്രെ 19 പന്തിൽ 30 റൺസെടുത്തു. ക്യാപ്റ്റൻ എം എസ് ധോണിക്ക് ആറ് റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ഓറഞ്ച് പടക്കായി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, ജയദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റെടുത്തു.