ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സായുധവിഭാഗമായ ഐആർജിസി(ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്)യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാഹ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. സങ്കീർണമായ ഇന്റലിജൻസ് ഓപ്പറേഷനിലൂടെ ഹോർമുസ് കടലിടുക്കിന്റെ പ്രവേശനകവാടത്തിന് സമീപത്തുവെച്ചാണ് അമേരിക്കയുടെ ആളില്ലാ അന്തർവാഹിനിയായ ‘ഡൈവ്-എൽഡി’ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.
അന്തർവാഹിനി പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമാണ് ഹോർമുസിൽ അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതെന്നും ഐആർജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഇറാന്റെ അവകാശവാദങ്ങൾക്ക് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി അമേരിക്കയും രംഗത്തെത്തി. മേഖലയിലെ പരിശോധനയ്ക്കിടെ തങ്ങളുടെ ഒരു അണ്ടർവാട്ടർ ഡ്രോണിന് സാങ്കേതിക തകരാർ സംഭവിച്ചെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം.































