വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ പ്രധാന വിമാനവാഹിനിക്കപ്പലിനെ അമേരിക്കൻ നാവികസേന പശ്ചിമേഷ്യയിലേക്ക് മാറ്റി. ഇറാനുമായുള്ള യുദ്ധം നാവികസേനയുടെ മേൽ സമ്മർദ്ദം വർധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പടിഞ്ഞാറൻ പസഫിക്കിൽ നിന്നുള്ള തങ്ങളുടെ പ്രധാന വിമാനവാഹിനിക്കപ്പലുകളിൽ ഒന്നിനെ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് മാറ്റുന്നത്. ചൈനയുടെ ഭീഷണി നിലനിൽക്കുന്ന പശ്ചിമ പസഫിക് മേഖലയിൽ ഇത് താത്കാലികമായ സുരക്ഷാ വിടവ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യയിൽ തുടരുകയാണ്.
240 ദിവസത്തിലേറെയായി ഈ കപ്പൽ തുടർച്ചയായി കടലിൽ തുടരുകയാണ്. ഇത് നാവികസേനയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡാണ്. ലിങ്കണ് പകരമായി പസഫിക് മേഖലയിലുള്ള ‘യുഎസ്എസ് ജോർജ്ജ് വാഷിങ്ടൺ’ എന്ന വിമാനവാഹിനിക്കപ്പലിനെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനാണ് അമേരിക്കൻ തീരുമാനം. അമേരിക്കയുടെ ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് മാറുന്നത് പസഫിക് മേഖലയിലെ സഖ്യകക്ഷികളായ ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പസഫിക് മേഖലയിൽ അമേരിക്കയല്ല, മറിച്ച് തങ്ങളാണ് വലിയ ശക്തിയെന്ന സന്ദേശം നൽകാൻ ചൈന ഈ സാഹചര്യം ഉപയോഗപ്പെടുത്തുമെന്നാണ് ആശങ്ക. അമേരിക്കയ്ക്ക് തങ്ങളുടെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇനി സാധിക്കില്ലെന്ന ധാരണ പടർത്താനാണ് ചൈനയുടെ ശ്രമം.
ഇതിന്റെ ഭാഗമായി ഇൻഡൊനീഷ്യയുമായി ചേർന്ന് ചൈന അടുത്തിടെ നാവികാഭ്യാസം നടത്തിയിരുന്നു. കൂടാതെ ജപ്പാന്റെയും ഫിലിപ്പീൻസിന്റെയും അതിർത്തി മേഖലകളിൽ സൈനിക പ്രകോപനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. അമേരിക്കൻ കപ്പലുകളുടെ അഭാവം തായ്‌വാൻ ആക്രമിക്കാൻ ചൈന ഉപയോഗിക്കുമെന്ന് കരുതുന്നില്ലെങ്കിലും തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാൻ ചൈന ഈ അവസരം വിനിയോഗിച്ചേക്കാമെന്നാണ് കരുതുന്നത്.
































