ടെഹ്‌റാൻ: ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാൻ. ആണവ പദ്ധതികൾ നിർത്തിവെയ്ക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ ഇറാൻ പുറത്തുവിട്ടത്. നിലവിൽ പുറത്തുവന്ന ഭൂഗർഭ മിസൈൽ കേന്ദ്രം ഉൾപ്പെടെ മൂന്ന് മിസൈൽ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ കേന്ദ്രത്തിന്റെ 85 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ( ഐ.ആർ.ജി.സി) പുറത്തുവിട്ടത്. ഖൈബർ ഷെഖാൻ, ഖാദർ- എച്ച്, സെജിൽ, പവെ തുടങ്ങി ഇറാൻ സ്വന്തമായി വികസിപ്പിച്ച മിസൈലുകളുടെ ശേഖരമാണ് ഈ ഭൂഗർഭ കേന്ദ്രത്തിലുള്ളത്. ഈ മിസൈലുകളാണ് ഇസ്രയേലിനെ ആക്രമിക്കാനായി ഇറാൻ പ്രയോഗിച്ചിരുന്നത്.
2020-ലാണ് ഇറാൻ ആദ്യമായി തങ്ങളുടെ ഭൂഗർഭ മിസൈൽ കേന്ദ്രത്തെ പരസ്യപ്പെടുത്തിയത്. മൂന്ന് വർഷത്തിന് ശേഷം മറ്റൊരു കേന്ദ്രത്തിന്റെ വിവരങ്ങളും പരസ്യപ്പെടുത്തി. ഇതിൽ യുദ്ധവിമാനങ്ങളുൾപ്പെടെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു ഭൂഗർഭ ആയുധകേന്ദ്രം കൂടിയുണ്ട് എന്ന് ഇറാൻ ലോകത്തോട് വെളിപ്പെടുത്തിയത്. യുറേനിയം സംപുഷ്ടീകരണവും മിസൈൽ വികസനവും ഉൾപ്പെടെ എല്ലാ ആണവ പദ്ധതികളും രണ്ടുമാസത്തിനകം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഇറാനൊട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ കരാറിൽ ഒപ്പിടണമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഇതിന് വഴങ്ങിയില്ലെങ്കിൽ കടുത്ത ഉപരോധവും വേണ്ടിവന്നാൽ സൈനിക നടപടിയും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ ഭീഷണി നിലനിൽക്കെയാണ് ആയുധശക്തി വെളിപ്പെടുത്തി ഇറാൻ വീഡിയോ പുറത്തുവിട്ടത്. നിലവിൽ പുറത്തുവിട്ട വീഡിയോ പ്രകാരം ഇറാന്റെ ഭൂഗർഭ ആയുധകേന്ദ്രം സുരക്ഷിതമല്ലെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ഈ കേന്ദ്രം ആക്രമിക്കപ്പെട്ടാൽ വലിയ സ്‌ഫോടനമുണ്ടാകാതെ തടയാനുള്ള സംവിധാനങ്ങൾ ഇല്ലെന്നാണ് ഇവർ പറയുന്നത്. തുറന്ന ടണലിനോട് ചേർന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്നത്.
സ്‌ഫോടനത്തെ ചെറുക്കാനുള്ള ബ്ലാസ്റ്റ് ഡോറുകളോ പ്രത്യേക ആയുധ അറകളോ വീഡിയോയിൽ കാണാനില്ല. അതിനാൽ ഒരു ആക്രമണം നേരിടേണ്ടി വന്നാൽ ഭൂഗർഭ കേന്ദ്രത്തിലുണ്ടാവുക ചിന്തിക്കാനാകാത്ത വിധമുള്ള സ്‌ഫോടനമാകാമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ഈ ഭൂഗർഭ കേന്ദ്രങ്ങൾ എവിടെയാണെന്നത് ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.