ഒരു വിദേശ വിനോദയാത്ര എന്ന മോഹം ഐആർസിടിസിക്കൊപ്പം പൂർത്തിയാക്കിയവർ നിരവധിയുണ്ട്. ബുക്കിംഗ് മുതൽ തിരികെ നാട്ടിൽ മടങ്ങിയെത്തുന്നവതുവരെ എല്ലാം ചേർത്തുള്ള പാക്കേജുകൾ വലിയ തലവേദനകളോ ആശങ്കകളോ ഇല്ലാതെ യാത്ര പൂർത്തീകരിക്കുവാൻ യാത്രക്കാരെ സഹായിക്കുന്നു. വ്യത്യസ്തങ്ങളായ പാക്കേജുകളാണ് ഐആര്‍സിടിസിയുടെ മറ്റൊരു പ്രത്യേകത. രാജ്യത്തിനകത്തും പുറത്തും നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആകർഷകരമായ പാക്കേജുകൾ ഐആർസിടിസി ഒരുക്കുന്നു. ഏറ്റവും അടുത്തുള്ള നേപ്പാൾ മുതൽ ഭൂട്ടാനും കംബോഡിയയും ദുബായും സിംഗപ്പൂരുമെല്ലാം ഐആർസിടിസി വിദേശയാത്രാ പാക്കേജുകളിൽ വരുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത് ബാഗ് പാക്ക് ചെയ്യുന്നതു മാത്രമേ യാത്രക്കാർക്ക് പണിയുള്ളൂ. ബാക്കിയെല്ലാം ഐആർസിടിസി നോക്കിക്കൊള്ളും. ഇതാ ഈ സെപ്റ്റംബർ മാസത്തിൽ ഐആർസിടിസി നടത്തുന്ന വിദേശയാത്രകൾ ഏതൊക്കെയെന്ന് നോക്കാം.
നേപ്പാൾ എയർ പാക്കേജ് – കൊച്ചി കേരളത്തിൽ നിന്നുള്ളവർക്ക് നേപ്പാളിലേക്ക് പോകുവാൻ പറ്റിയ പാക്കേജാണ് ഐആർസിടിസിയുടെ കൊച്ചി – നേപ്പാൾ എയർ പാക്കേജ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ കാഠ്മണ്ഡു, പൊഖാറ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. പശുപതിനാഥ ക്ഷേത്രം, മനകാമന ക്ഷേത്രം, ബൗദ്ധനാഥ് സ്തൂപ, ഗുപ്തേശ്വർ മഹാദേവ് ഗുഹ, എന്നിങ്ങനെ നിരവധി ഇടങ്ങൾ യാത്രയിൽ സന്ദർശിക്കും. സെപ്റ്റംബർ 24ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടും. 50320 രൂപ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. ശ്രീലങ്ക-രാമായണ സാഗാ യാത്ര ഐആർസിടിസി ലക്നൗവിൽ നിന്ന് നടത്തുന്ന ശ്രീലങ്ക-രാമായണ സാഗാ യാത്ര ശ്രീലങ്കയിൽ രാമായണവുമായി ബന്ധപ്പെട്ട ഇടങ്ങൾ സന്ദർശിക്കുന്നു. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ കാൻഡി, നുവാര ഇലിയ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നു.
സെപ്റ്റംബർ 21, 22 എന്നീ തിയതികളിൽ ലക്നൗവിൽ നിന്ന് ചെന്നൈയിലെത്തി അവിടെ നിന്ന് യാത്ര പുറപ്പെടും. 63600 രൂപ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. കൊൽക്കത്തയിൽ നിന്നു തന്നെ പോകുന്ന മറ്റൊരു പാക്കേജാണ് സിംഗപ്പൂർ മലേഷ്യാ പാക്കേജ്. സിംഗപ്പൂർ, യൂണിവേഴ്സൽ സ്റ്റുഡിയോ, കുലാലംപൂർ, കുലാലംപൂർ ടവർ ഒബ്സർവേഷൻ ഡെക്ക് എന്നിങ്ങനെ നിരവധി കാഴ്ചകൾ കണ്ടുള്ള യാത്രയിൽ ഭക്ഷണപ്രേമികൾക്കും സാഹസപ്രിയർക്കും ഷോപ്പിങ് പ്രേമികൾക്കും ഒക്കെ കണ്ണും പൂട്ടി തിരഞ്ഞെടുക്കാൻ പറ്റിയ പാക്കേജാണ്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ 1,03,900 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
സഞ്ചാരികളുടെ സ്വർഗ്ഗമായ ബാങ്കോക്കും പട്ടായയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദര്‍ശിക്കുന്ന പാക്കേജാണ് ജയ്പൂരിൽ നിന്നാരംഭിക്കുന്ന തായ് ലാന്റ് പാക്കേജ് സഫാരി വേൾഡ്, മറൈൻ പാർക്ക്, ചാഫ്രയ റിവർ ക്രൂയിസ് റൈഡ്, ബാങ്കോക്ക് പട്ടായയിലെ ക്ഷേത്രവും നഗരവും (മാർബിൾ ക്ഷേത്രം + ഗോൾഡൻ ബുദ്ധ), കോറൽ ഐലൻഡ് ടൂർ, അൽകാസർ ഷോ എന്നിവിടങ്ങൾ സന്ദർശിക്കുന്നു. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയില്‍ ടിക്കറ്റ് നിരക്ക് 54,860/- രൂപ മുതൽ ആരംഭിക്കുന്നു. അടുത്ത യാത്ര ഒക്ടോബർ 10ന് ജയ്പൂരിൽ നിന്ന് പുറപ്പെടും.
ഭൂട്ടാന്‍റെ ഭംഗിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഐആർസിടിസി ബ്യൂട്ടിഫുള്‍ നേപ്പാൾ പാക്കേജ് കൊൽക്കത്തയില്‍ നിന്നാണ് ആരംഭിക്കുന്നത്. മറ്റു യാത്രകളിൽ നിന്നു വ്യത്യസ്തമായി ഭൂട്ടാനിലേക്ക് ട്രെയിനിൽ പോകുന്ന യാത്രയാണിത്. പുരാതനങ്ങളായ ആശ്രമങ്ങൾ, ക്ഷേത്രം, പ്രതിമകൾ, മ്യൂസിയം, പാലം എന്നിങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായ ഇടങ്ങൾ യാത്രയിൽ സന്ദർശിക്കും. 9 രാത്രിയും 10 പകലും നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 53,100/- രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.