ഒറ്റ ദിവസം കൊണ്ട് ചെന്നൈയിൽ ഏതൊക്കെ സ്ഥലം കാണാം”? ”ചെന്നൈയിൽ നിന്ന് എങ്ങനെ മഹാബലിപുരത്തിന് പോയി വരാം”? ”ഒരു ദിവസം കൊണ്ട് ചെന്നൈയിൽ നിന്ന് മഹാബലിപുരവും കാഞ്ചീപുരവും കണ്ടു വരുവാൻ സാധിക്കുമോ”? പല യാത്രാ ഗ്രൂപ്പുകളിലും സഞ്ചാരികൾ സ്ഥിരം ചോദിക്കുന്ന ചെന്നൈ യാത്രാ സംശയങ്ങൾ ആണിത്.ചെന്നൈയിൽ ഒരു ദിവസം കിട്ടിയാൽ എങ്ങനെ കണ്ടുതീർക്കാം എന്നാലോചിക്കുന്നവർക്ക് ഐആർസിടിസിയുടെ ഒരു കിടിലൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.
ചെന്നൈയില്‍ നിന്ന് മഹാബലിപുരവും കാഞ്ചീപുരവം കണ്ട് വൈകിട്ടോടെ തിരികെ ചെന്നൈയിൽ എത്തിച്ചേരുവാൻ കഴിയുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പാക്കേജ് ചെന്നൈയിലെ ഒരു ദിവസം ഒരുപാട് കാഴ്ചകളും യാത്രകളും ചെയ്ത് ചെലവഴിക്കണം എന്നാഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്. ചെന്നൈയിൽ ചുളുവിലൊരു റോഡ് ട്രിപ്പ് ആഗ്രഹിക്കുന്നവർക്കും ഈ പാക്കേജ് തിരഞ്ഞെടുക്കാം.
ജോലിക്കും പഠനത്തിനും മലയാളികള്‍ ഏറ്റവും കൂടുതൽ കടന്നു ചെല്ലുന്ന നഗരങ്ങളിലൊന്നാണ് ചെന്നൈ. മികച്ച ജീവിതരീതിയും ഗതാഗതവും വികസനവും എല്ലാമായി ഏറെ മുന്നിട്ടു നിൽക്കുന്ന നഗരം സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ്. പുരാതനങ്ങളായ ക്ഷേത്രങ്ങളും കടൽത്തീരവും രുചികരമായ തമിഴ്ഭക്ഷണവും അടക്കം യാത്രികരെ ചെന്നെ ആകർഷിക്കുന്നു. ഏതെങ്കിലും ആവശ്യങ്ങൾക്കായി ചെന്നൈയിൽ ചെന്നാൽ വെറുതേ മടങ്ങിപ്പോരാൻ ആരും തയ്യാറല്ല. അവിടെ ചെലവഴിക്കുന്ന സമയമത്രയും ഇവിടുത്തെ കാഴ്ചകൾക്കായി മാറ്റിവയ്ക്കുവാൻ ആളുകൾ ശ്രമിക്കും പലപ്പോഴും പല യാത്രാ ഗ്രൂപ്പുകളിലും ആളുകൾ അറിയുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നും കൂടിയാണ് ചെന്നൈയിൽ നിന്ന് എങ്ങനെ കാഞ്ചീപുരവും മഹാബലിപുരവും ഒരു ദിവസം കൊണ്ട് കണ്ടുവരാം എന്നത്.
ചെന്നൈ ഏകദിന പാക്കേജ് ചെന്നൈ-കാഞ്ചീപുരം-മഹാബലിപുരം പാക്കേജ് Chennai – Kanchipuram – Mahabalipuram (SMH91) ൽ നിങ്ങൾക്ക് കാഞ്ചീപുരവും മഹാബലിപുരവുംകണ്ടു മടങ്ങാം. പ്രഭാതഭക്ഷണം കഴിച്ച ശേഷം ചെന്നൈയിൽ നിന്നും ആരംഭിക്കുന്ന യാത്ര ആദ്യം പോകുന്നത് സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന കാഞ്ചീപുരത്തേയ്ക്കാണ്. പല്ലവ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന കാഞ്ചീപുരം പട്ടിനു മാത്രമല്ല, ഇവിടുത്തെ ക്ഷേത്രങ്ങൾക്കും പ്രസിദ്ധമാണ്. ശിവനായി സമർപ്പിച്ചിരിക്കുന്ന ഏകാംബരേശ്വര ക്ഷേത്രം ആദ്യം സന്ദർശിക്കും. കാഞ്ചീപുരത്തെ ഏറ്റവും പ്രസിദ്ധ ക്ഷേത്രമായ ഇത് അതിന്റെ നീളമേറിയ ഗോപുരങ്ങൾക്കും വലിയ മണ്ഡപങ്ങൾക്കും ഒപ്പം ചിത്രങ്ങളാലും കൊത്തുപണികളാലും നിറഞ്ഞ തൂണുകൾക്കും പ്രസിദ്ധമാണ്.ഭൂമിയെ പ്രതിനിധീകരിക്കുന്ന ഈ പഞ്ചഭൂത ക്ഷേത്രം സന്ദര്‍ശിക്കുന്നവർക്ക് പുനർജന്മം ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ശേഷം പോകുന്നത് കൈലാസനാഥർ ക്ഷേത്രത്തിലേക്കാണ്. ഈ ക്ഷേത്രവും ശിവനു തന്നെയാണ് സമർപ്പിച്ചിരിക്കുന്നത്. ഏറ്റവും മനോഹരവും പൂർണ്ണതയുള്ളതുമായ പല്ലവ ശില്പകലയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇവിടെ കാണുവാനുള്ളത്. ഇവിടുന്ന് നേരെ പല്ലവരുടെ തുറമുഖ നഗരമായ മഹാബലിപുരത്തേയ്ക്ക് പോകും. ശില്പകലയുടെയും കൊത്തുപണികളുടെയും ലോകത്തെവിടെയും കാണാനാവാത്ത ഭംഗിയിലും രൂപത്തിലും ഇവിടെ കാണാം. യുനസ്കോയുടെ പൈതൃകസ്ഥാനമായ ഇവിടെ നിരവധി ക്ഷേത്രങ്ങൾ, രഥങ്ങൾ, കൊത്തുപണികൾ തുടങ്ങിയ ഒരുപാട് കാഴ്ചകളുണ്ട്. സീ ഷോർ ക്ഷേത്രം, പഞ്ചരഥങ്ങൾ തുടങ്ങിയവ കാണാം.
യാത്രയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ഇൻഡിക്കയിലോ അല്ലെങ്കില് ക്വാളിസിലോ ആയിരിക്കും യാത്ര. 1 മുതൽ 3 വരെ ആളുകളാണുള്ളതെങ്കിൽ ഇൻഡിക്കയാണ് വാഹനം. ഇതിൽ ഒരാൾക്ക് 5100/- രൂപ, രണ്ടു പേരുടെ ഗ്രൂപ്പ് ആണെങ്കിൽ ഒരാൾക്ക് 2550/- രൂപ, മൂന്നു പേരുണ്ടെങ്കിൽ ഒരാൾക്ക് 1700/- എന്നിങ്ങനെയും കുട്ടികൾക്ക് 1300 രൂപയുമാണ് നിരക്ക്. നാല് മുതൽ ആറ് വരെ ആളുകളുണ്ടെങ്കിൽ ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 1650/- രൂപ വീതമായിരിക്കും. എസി വാഹനത്തിലായിരിക്കും യാത്ര മുഴുവനും. ട്രാവൽ ഇൻഷുറൻസും നിരക്കിൽ ഉൾപ്പെടുന്നു. എല്ലാ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിലും ഈ പാക്കേജ് ലഭ്യമായിരിക്കും.