മുംബൈ : തീവണ്ടിയാത്രക്കാർക്ക് ഫെബ്രുവരി ഒന്നുമുതൽ ഭക്ഷണം ലഭ്യമാക്കാൻ റെയിൽവേ തീരുമാനിച്ചു. ഐ.ആർ.സി.ടി.സി.യുടെ ഇ-കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക. ‘ഫുഡ് ഓൺ ട്രാക്ക്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഭക്ഷണ ഓർഡറുകൾ സ്വീകരിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ടിക്കറ്റിലെ പി.എൻ.ആർ. നമ്പറും മറ്റ് യാത്രാവിശദാംശങ്ങളും നൽകിയാൽ ഭക്ഷണം സീറ്റിലെത്തും. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ തുടങ്ങി എല്ലാവിഭവങ്ങളും ഇതിൽ ലഭ്യമാണ്. ഏതുസ്റ്റേഷനിൽ വെച്ചാണോ ഭക്ഷണം വേണ്ടതെന്ന് തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക തെളിയും.
തുടർന്ന് എന്തുതരം ഭക്ഷണം വേണമെന്നും തീരുമാനിക്കാം. വിലവിവരങ്ങളും ഭക്ഷണത്തോടൊപ്പം പ്രദർശിപ്പിച്ചിരിക്കും. വില ഓൺലൈനായോ പണമായോ നൽകാം. കോവിഡ് വ്യാപനത്തെത്തുടർന്ന് തീവണ്ടികളിൽ ഭക്ഷണം വിതരണംചെയ്യുന്നത് റെയിൽവേ താത്കാലികമായി നിർത്തിയിരുന്നു. പല സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും അനുമതിയില്ലാതെതന്നെ തീവണ്ടികളിൽ ഭക്ഷണവിതരണം നടത്തിവന്നിരുന്നു. എന്നാൽ ഐ.ആർ.സി.ടി.സി. വീണ്ടും ഭക്ഷണവിതരണം തുടങ്ങുന്നതോടെ യാത്രക്കാർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള മികച്ച ഭക്ഷണം ലഭിക്കുമെന്നുറപ്പാകും.