കണ്ണൂര്‍ : ഇരിക്കൂറില്‍ സജീവ് ജോസഫിനെതിരായ എ ഗ്രൂപ്പ് പ്രതിഷേധം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തിയതോടയാണ് താല്‍ക്കാലിക ഒത്തുതീര്‍പ്പിന് വഴിയൊരുക്കുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
അതേസമയം സീറ്റ് വിട്ടുകൊടുത്തതോടെ ജില്ലയില്‍ എ ഗ്രൂപ്പിന്റെ അവസ്ഥ പരിതാപകരമായെന്ന് പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. നേതാക്കളെ അനുനയിപ്പിച്ച ഉമ്മന്‍ ചാണ്ടി മറ്റന്നാള്‍ ശ്രീകണ്ഠാപുരത്ത് നടക്കുന്ന സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു. പ്രശ്‌നനങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയതായും സൂചന.
പ്രശ്‌നപരിഹാരത്തിനായി ഉമ്മന്‍ ചാണ്ടി മുമ്പോട്ടു വെച്ച ഫോര്‍മുല മനസില്ലാമനസോടെയാണ് എ ഗ്രൂപ്പ് നേതാക്കളായ സോണി സെബാസ്റ്റ്യനും പിടി മാത്യുവും അംഗീകരിച്ചത്. എന്നാല്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കെ.സുധാകരന്‍ എംപിയും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും ഈ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റി വെച്ചത്.
നിലവില്‍ സതീശന്‍ പാച്ചേനിയാണ് ഡി.സി.സി പ്രസിഡന്റ് , പാച്ചേനി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും ജയിക്കുന്ന പക്ഷം തന്റെ ഗ്രൂപ്പുകാരനും വിശ്വസ്തനുമായ മാര്‍ട്ടിന്‍ ജോര്‍ജിനെ പ്രസിഡന്റാക്കണമെന്നാണ് സുധാകരന്റെ ആവശ്യം. ഇരിക്കൂറില്‍ വെടിനിര്‍ത്തുന്നതിനായി ഉമ്മന്‍ ചാണ്ടിയുണ്ടാക്കിയ ഫോര്‍മുല വെച്ച് കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ വെച്ച് ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ഇരിക്കൂര്‍ സീറ്റ് നല്‍കുക, ഡി.സി.സി അധ്യക്ഷസ്ഥാനം കൈമാറുക തുടങ്ങിയവയാണ് നിലവില്‍ എ ഗ്രൂപ്പ് മുമ്പോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഇതംഗീകരിച്ചു കൊണ്ടു തന്നെ ഇരിക്കൂറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും സജീവമാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിനെ ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ കലാപ സമാനമായ സാഹചര്യമുണ്ടായത്. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്ന് എ ഗ്രൂപ്പ് ഉറച്ചു നിന്നെങ്കിലും ഹൈക്കമാന്‍ഡ് അതിന് വഴങ്ങിയില്ല. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന കെ സി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും പ്രഖ്യാപനം എ ഗ്രൂപ്പ് പ്രവര്‍ത്തകരെ കൂടുതല്‍ രോഷാകുലരാക്കി. ഇതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ വെള്ളിയാഴ്ച ഉമ്മന്‍ ചാണ്ടി എത്തിയത്.
ചൊവ്വാഴ്ച ശ്രീകണ്ഠപുരത്തുചേര്‍ന്ന എ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ വെല്ലുവിളിച്ചിരുന്നു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും കെ സി ജോസഫും നടത്തിയ അനുനയനീക്കം തള്ളിയാണ് കണ്‍വന്‍ഷന്‍ ചേര്‍ന്നത്. പേരാവൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ബുധനാഴ്ച ചേരാനിരുന്നത് ഒഴിവാക്കിയെങ്കിലും പ്രാദേശിക യോഗങ്ങള്‍ നടന്നു. കെ സി വേണുഗോപാലിന്റെ ഇടപെടലില്‍ അതൃപ്തിയുള്ള കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ ഇരിക്കൂര്‍ പ്രശ്നത്തില്‍ എ ഗ്രൂപ്പിനെയാണ് പിന്തുണച്ചത്.
അടുത്ത തവണ എ ഗ്രൂപ്പിന് ഇരിക്കൂര്‍ സീറ്റ് നല്‍കി പ്രശ്നം പരിഹരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഡിസിസി പ്രസിഡന്റുസ്ഥാനം നല്‍കിയുള്ള സമവായ നിര്‍ദ്ദേശം എ ഗ്രൂപ്പ് തള്ളിയിരുന്നു. ഇരിക്കൂറില്‍ മാത്രമല്ല കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിന് ഇറങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് പേരാവൂരില്‍ സണ്ണി ജോസഫിനെയും കണ്ണൂരില്‍ സതീശന്‍ പാച്ചേനിയെയും ആശങ്കയിലാക്കി. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലോടെ തല്‍ക്കാലം പ്രതിസന്ധി തീര്‍ന്നെങ്കിലും പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.