ന്യൂഡൽഹി : രാജ്യത്തുടനീളം നടക്കുന്ന ജെ.ഇ.ഇ (മെയിൻ) ഓൺലൈൻ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ അഫിനിറ്റി എജ്യുക്കേഷന്റെ 19 കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ്. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ സിദ്ധാർഥ് കൃഷ്ണ, വിശ്വംഭർ മണി ത്രിപാഠി, ഗോവിന്ദ് വർഷിണി എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് സി.ബി.ഐ. അറിയിച്ചു.
ഹരിയാണയിലെ സോണിപ്പത്ത് കേന്ദ്രത്തിൽ പരീക്ഷയെഴുതിയ ചില വിദ്യാർഥികളിൽ ഓരോരുത്തരിൽനിന്നും 12 മുതൽ 15 ലക്ഷം രൂപവരെ വാങ്ങി വിദൂരകേന്ദ്രത്തിലിരുന്ന് ഉത്തരം എഴുതി നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സി.ബി.ഐ ബുധനാഴ്ച സ്ഥാപനത്തിനെതിരേ കേസെടുത്തിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച ഈ സ്ഥാപനത്തിന്റെ വിവിധ ശാഖകളിൽ റെയ്ഡ് നടത്തിയത്.
രാജ്യത്തെ ഏറ്റവും പ്രമുഖമായ എൻ.ഐ.ടി കളിൽ പ്രവേശനം വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. പ്ലസ്വൺ, പ്ലസ്ടു സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ചെക്കും യൂസർ ഐ.ഡിയും പാസ്വേഡും വാങ്ങി വെക്കുന്ന സ്ഥാപനം പ്രവേശനം ശരിയായാൽ പണം നൽകിയാലേ ഇവ മടക്കിനൽകൂ എന്ന് വിദ്യാർഥികളെ അറിയിച്ചതായി സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. യുക്രൈൻ, റഷ്യ, ചൈന എന്നിവിടങ്ങളിലടക്കം കേന്ദ്രങ്ങളുള്ള സ്ഥാപനത്തിന്റെ ബെംഗളൂരു, പുണെ, ഡൽഹി, ഡൽഹി പ്രാന്തപ്രദേശങ്ങൾ, ജംഷേദ്പുർ, ഇന്ദോർ എന്നീ ശാഖകളിലായിരുന്നു പരിശോധന.
ഇവിടങ്ങളിൽനിന്ന് 25 ലാപ്ടോപ്പുകൾ, ഏഴു കംപ്യൂട്ടറുകൾ, 30 മുൻകൂർ തീയതിയെഴുതിയ ചെക്കുകൾ, വിദ്യാർഥികളുടെ വാങ്ങിവെച്ച പ്ലസ്ടു മാർക്ക് ലിസ്റ്റുകൾ തുടങ്ങിയവ കണ്ടെടുത്തു. ഡയറക്ടർമാരെ കൂടാതെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാർ, പരീക്ഷാകേന്ദ്രങ്ങളിൽ നിയമിതരായ ഇവരുമായി ബന്ധമുള്ളവർ തുടങ്ങിയവർക്കെതിരേയും കേസെടുത്തു. വിദേശരാജ്യങ്ങളിലുൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ സഹായിക്കുന്ന സ്ഥാപനമാണ് അഫിനിറ്റി എജ്യുക്കേഷൻ. വൻതുക വാങ്ങി പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സി.ബി.ഐ. നിരീക്ഷണം തുടങ്ങിയത്.