പത്തനംതിട്ട: എൽ.ഡി.എഫ് ഭരിക്കുന്ന മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി ഷാജിയെ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. ഭരണസമിതിയുടെ കത്ത് ലഭിച്ചതായി സഹകരണ വകുപ്പ് കോന്നി അസിസ്റ്റന്റ് രജിസ്ട്രാർ സ്ഥിരീകരിച്ചു.ക്രമരഹിതമായും വഴിവിട്ടും നൽകിയ വായ്പയാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. പലപ്പോഴായി നടന്നിട്ടുള്ള ക്രമക്കേടുകൾ ഭരണസമിതിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്. ഒരാഴ്ച മുൻപാണ് ഷാജിയെ സസ്‌പെൻഡ് ചെയ്തത്. ഈ വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. സ്ഥിര നിക്ഷേപത്തിൽ നിന്ന് അല്ലാതെയും നിരവധി പേർക്ക് വഴിവിട്ടു വായ്പ നൽകിയ ഗ്രൂപ്പ് ഓഡിറ്റിങ്ങിൽ കണ്ടത്തിയിട്ടുണ്ട് എന്നാണ് വിവരം.
70 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും ഒരു കോടിയോളം വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കമ്പ്യൂട്ടർ സോഫ്ട്‍വെയറിൽ പ്പോലും തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് വിവരം. വായ്പ കൊടുത്തത് ആർക്കാണെന്ന കാര്യത്തിൽ പോലും വ്യക്തത ഇല്ല. ഇടക്കാലത്ത് ബാങ്കിന്റെ പേരിൽ തുടങ്ങിയ സമത സൂപ്പർ മാർക്കറ്റ് ഭീമമായ നഷ്ടത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. നിക്ഷേപകത്തുക, ദിന ചിട്ടിയിൽ നിന്നുള്ള വരുമാനം എന്നിവ എടുത്ത് ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട നിലയിലേക്ക് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നാണ് സൂചന.