കൊച്ചി : ആഫ്രിക്കൻ കാടുകളിലെ ഗെയിം ഹണ്ടിങ്ങിന്റെ ഒരു രംഗം പോലും ഷാജി അസീസ് സംവിധാനം ചെയ്ത വൂൾഫ് എന്ന സിനിമയിൽ ഇല്ല. എന്നിട്ടും ആ കാടും അതിന്റെ വന്യതയും ചില നിമിഷങ്ങളിൽ സിനിമയിൽ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ഇർഷാദ് എന്ന നടന് അവകാശപ്പെട്ടതാണ്. അടുത്ത നിമിഷം എന്താകും ഈ കഥാപാത്രത്തിൽ നിന്ന് വരാൻ പോകുന്നതെന്ന് ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരുന്നു പോയ സിനിമ. ഇർഷാദിന്റെ ഈ ഭാവപ്പകർച്ച കാണാൻ മാത്രമായി വൂൾഫ് കണ്ടവർ പോലുമുണ്ട്.
ഫിലോസഫിയും അനുഭവകഥകളും നിറയുന്ന നെടുനീളൻ ഡയലോഗുകൾ അയത്നലളിതമായി ഇർഷാദ് അവതരിപ്പിക്കുമ്പോൾ ഒരു ഗംഭീര നടനെ തിരശീലയിൽ തിരിച്ചറിയുന്ന സന്തോഷമാണ് പ്രേക്ഷകർക്ക്! ഓപ്പറേഷൻ ജാവയിലെ പ്രതാപ് എന്ന പോലീസ് ഓഫിസറിൽ നിന്ന് ജോ എന്ന വേട്ടക്കാരനിലേക്ക് അത്രമേൽ സ്വാഭാവികമായിട്ടാണ് ഇർഷാദ് വേഷപ്പകർച്ച നടത്തിയിരിക്കുന്നത്. ആരും കൊതിച്ചു പോകുന്ന ഈ കഥാപാത്രങ്ങൾ ഇർഷാദ് എന്ന നടനെ തേടിവരുന്നുണ്ടെങ്കിൽ അതിനു പിന്നിൽ തീർച്ചയായും അദ്ദേഹത്തിന്റെ കഠിനാധ്വാനവും അന്വേഷണവുമുണ്ട്. കരിയറിൽ നാഴികക്കല്ലായ ജോ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങളുമായി ഇർഷാദ് .
വളരെ പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഒരുപാട് അഭിനന്ദനങ്ങൾ കിട്ടുന്നു. വളരെ സന്തോഷം നൽകുന്ന കാര്യം. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത് എന്തുകൊണ്ടും നന്നായി എന്നാണ് ഞാൻ കരുതുന്നത്. കാരണം ടെസ്റ്റ് പോസിറ്റിവിറ്റി ഇത്രയും കൂടി നിൽക്കുന്ന സമയത്ത് ആരും തിയറ്ററിൽ പോയി സിനിമ കാണുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. എന്റെ ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു, സിനിമ തീയറ്റിൽ ആണ് റിലീസ് ചെയ്തിരുന്നതെങ്കിൽ, എത്ര കയ്യടിക്കുള്ള നിമിഷങ്ങളുണ്ടായിരുന്നു! അതിനുള്ള അവസരം നഷ്ടമായിപ്പോയല്ലോ എന്ന്. അങ്ങനെ സങ്കടപ്പെട്ട സുഹൃത്തുക്കളുണ്ട്. പക്ഷേ തീയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ വളരെ കുറച്ചു പേർ മാത്രം കാണുന്ന സിനിമയായി അതു മാറുമായിരുന്നു. ഒടിടിയിൽ ആയതുകൊണ്ട് ഒരുപാടുപേർ വിളിക്കുന്നു… സന്തോഷം പങ്കു വയ്ക്കുന്നു… വൂൾഫിലെ ‘ജോ’ എന്ന കഥാപാത്രം എന്റെ കരിയറിലെ ഒരു നാഴികക്കല്ല് തന്നെയാണ്.
ജോ എന്ന കഥാപാത്രമാണ് ആ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതൊരു ഉത്തരവാദിത്തമാണ്. ഒരുപാടു അടരുകളുള്ള ക്യാരക്ടറാണ് ജോ. ഈ കഥ ഇന്ദുഗോപൻ, സംവിധായകൻ ഷാജി അസീസിനോടാണ് ആദ്യം പറഞ്ഞത്. കഥ കേട്ടിട്ട് ഷാജി എന്നെ വിളിച്ചു… ‘ഇങ്ങനെയൊരു ക്യാരക്ടർ ഉണ്ട്… നിനക്ക് അതു ചെയ്യാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം,’ എന്ന് എന്നോടു പറയുകയാണ്. അതിന്റെ മുഴുവൻ ക്രെഡിറ്റും ഷാജിക്കാണ്. എനിക്കിത് ചെയ്യാൻ പറ്റും എന്ന കാര്യത്തിൽ എന്നേക്കാൾ ഉറപ്പ് ഷാജിക്കായിരുന്നു. ഷാജി എന്ന സംവിധായകനിൽ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു.
ഒരു 20 വർഷത്തെ സൗഹൃദമുണ്ട് ഞങ്ങൾ തമ്മിൽ. ഞാൻ നായകനായി അഭിനയിച്ച ‘നിലാമഴ’ എന്ന സീരിയലിലാണ് ഷാജി ആദ്യമായി അസിസ്റ്റന്റ് ആകുന്നത്. എന്നിലെ അഭിനേതാവിനെയും മനുഷ്യനേയും കൃത്യമായി അറിയാവുന്ന ആളാണ് ഷാജി. ‘ജോ’ എന്ന കഥാപാത്രത്തെ എന്റെ ഇഷ്ടത്തിന് ഡിസൈൻ ചെയ്യാൻ അദ്ദേഹം അനുവദിച്ചു. ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ… ക്യാമറയ്ക്കു മുൻപിൽ അത് കൃത്യമായി കിട്ടിയാൽ ഞാൻ ഓകെ പറയും… അല്ലെങ്കിൽ ഞാൻ തിരുത്തും. ഷാജിയുടെ കൂടെ ഈ പ്രൊജക്ടിനൊപ്പം ഈ നിമിഷം വരെ ഞാനുണ്ട്.
ജോ എന്ന കഥാപാത്രത്തിത്തിലൂടെ ഞാൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ലോക്ഡൗണിൽ അത്യാവശ്യത്തിന് താടിയും മുടിയും വളർന്നിരുന്നു. ഈ കഥാപാത്രത്തിനു വേണ്ടി അതൊന്നു മിനുക്കിയെടുത്തു. ശരീരം കൊണ്ടും എനിക്ക് ഈ കഥാപാത്രമായി മാറണമായിരുന്നു. ജോ എന്ന കഥാപാത്രത്തിലേക്ക് എന്റെയൊരു യാത്രയുണ്ടായിരുന്നു. തിരക്കഥ പല തവണ വായിച്ചു. അയാൾ ഇങ്ങനെ ആയിരിക്കും നടക്കുക… ഇങ്ങനെ ആകും നോക്കുക… ചിന്തിക്കുക… അങ്ങനെയുള്ള ചിന്തകൾ. സിനിമയിൽ ഒരുപാടു ദൈർഘ്യമേറിയ ഡയലോഗുകളുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കാണികൾക്കു അരോചകമായേക്കാവുന്ന സംഭാഷണങ്ങൾ ആണ് അവ. അതൊരു കവിത പോലെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്.