അടൂര്‍ : തിരക്കിന് അനുസൃതമായി ട്രാഫിക് യൂണിറ്റില്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്‌ഥരില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രാഫിക്ക് യൂണിറ്റ് ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ അനുവദിച്ച തസ്‌തിക മാത്രമാണ് ഇപ്പോഴുമുള്ളത്. ഓരോ വര്‍ഷം കഴിയും തോറും നിരത്തിലെ വാഹന തിരക്ക് കൂടുകയാണ്. അതിനാല്‍ പ്രധാന ജംഗ്ഷനുകളില്‍ എല്ലാം പോലീസിനെ നിയോഗിക്കേണ്ടതായി വരുന്നുണ്ട്. അധ്യയനം ആരംഭിച്ചതോടെ സ്‌കൂള്‍ കവലകളില്‍ തിരക്ക് നിയന്ത്രിക്കുവാന്‍ രാവിലെയും വൈകിട്ടും പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണം.
ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെ നിന്നാണ് ബസ് കയറി പോകുന്നത്. ഇവിടെ ഒരു ഹോം ഗാര്‍ഡാണ് അതിരാവിലെ മുതല്‍ സന്ധ്യ വരെ ട്രാഫിക് നിയന്ത്രണം നിര്‍വഹിക്കുന്നത്. കൂടാതെ കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലെ എയ്‌ഡ് പോസ്‌റ്റില്‍ രണ്ട് പേരും കെ.എസ്.ആര്‍.ടി.സി. ജംഗ്ഷനില്‍ രണ്ടുപേരും ഡ്യൂട്ടിയിലുണ്ട്. കൂടാതെ തട്ട പോയിന്റ്, നെല്ലിമൂട്ടിപ്പടി പോയിന്റ്, പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡ് എന്നിവിടങ്ങളിലും രണ്ട് പേരെ നിയോഗിക്കണം. വടക്കടത്തുകാവ് ജംഗ്ഷനില്‍ സ്‌കൂള്‍ സമയം രണ്ട് പേരാണ് ഡ്യൂട്ടി നോക്കുന്നത്. ആവശ്യത്തിന് സേനാംഗങ്ങളില്ലാത്തതിനാല്‍ ഏറെ അപകടങ്ങള്‍ ഉണ്ടാകുന്ന വട്ടത്തറപ്പടിയില്‍ തിരക്ക് നിയന്ത്രണത്തിന് ഉദ്യോഗസ്‌ഥനെ നിയോഗിച്ചിട്ടില്ല. ഇവിടെ ഒരു എസ്.ഐ, മൂന്ന് ഗ്രേഡ്‌എ.എസ്.ഐമാര്‍, 12 സിവില്‍ പോലീസ് ഓഫീസര്‍മാരും ഹോം ഗാര്‍ഡുമാരുമാണുള്ളത്.
നേരത്തെ 25 ഹോം ഗാര്‍ഡുമാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 10 പേര് മാത്രമാണുള്ളത്. ഇതില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലാണ്. ഒരാള്‍ അപകടത്തില്‍ പരുക്കേറ്റ് വിശ്രമത്തിലാണ്. ഇതോടെ എട്ട് ഹോം ഗാര്‍ഡുമാരുടെ സേവനമാണ് ലഭിക്കുന്നത്. ഏറെ തിരക്കുള്ള പറക്കോട്, ഏഴംകുളം, ഹൈസ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലും പോലീസുകാരെ നിയോഗിക്കാറില്ല. മോട്ടോര്‍ ബൈക്ക് പട്രോളിങ്ങിനും പോലീസുകാരെ നിയോഗിക്കേണ്ടി വരുന്നുണ്ട്. വി.ഐ.പികളുടെ പൈലറ്റിനും ഇവര്‍ക്ക് പോകേണ്ടതായി വരും. അപകടമുണ്ടായാല്‍ ആദ്യം ഓടിയെത്തുന്നതും ഇവരാണ്. കൂടാതെ പ്രകടനങ്ങള്‍, ജാഥകള്‍ എന്നിവ നടക്കുമ്പോഴും ട്രാഫിക് യൂണിറ്റിലെ ഉദ്യോഗസ്‌ഥര്‍ക്ക് എത്തണം. അതിനാല്‍ കൂടുതല്‍ ഉദ്യോഗസ്‌ഥരെ നിയമിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.